കുമ്പള ടൗണില്‍ ചൊവ്വാഴ്ച മുതല്‍ ട്രാഫിക് പരിഷ്‌കരണം

കുമ്പള: കുമ്പള ടൗണില്‍ ചൊവ്വാഴ്ച മുതല്‍ ട്രാഫിക് പരിഷ്‌കരണം കൊണ്ടുവരാന്‍ കുമ്പള പൊലീസ് സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ബസുകള്‍ നിര്‍ത്തുന്നത് ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് അല്‍പം മുമ്പിലാണ്. കളത്തൂര്‍, പേരാല്‍കണ്ണൂര്‍ ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ വ്യാപാരി ഭവന്റെ സമീപത്ത് നിര്‍ത്തിയിടും. വിവേകാനന്ദ സര്‍ക്കിളിന്റെ മുന്‍വശം തൊട്ട് ഓട്ടോ സ്റ്റാന്റ് വരെ വാഹനങ്ങള്‍ നിര്‍ത്താന്‍ പാടുള്ളതല്ല. ഗോകുല്‍ ഹോട്ടല്‍ മുതല്‍ പൊലീസ് സ്റ്റേഷന്‍ റോഡിലെ ട്രാന്‍സ്ഫോര്‍മര്‍ വരെ റോഡിനോട് ചേര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്താം. തീവണ്ടി യാത്രക്കാരുടെ വാഹനങ്ങളും നിര്‍ത്താന്‍ കുമ്പള റെയില്‍വെസ്റ്റേഷന് സമീപത്ത് സ്ഥലം കണ്ടെത്തും. ഇവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് തുക ഈടാക്കും. റോഡില്‍ മത്സ്യവില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും. കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറത്ത് സാധനങ്ങള്‍ വെച്ചാലും പിഴയീടാക്കും. നിയമലംഘനമായി വാഹനങ്ങള്‍ നിര്‍ത്തിയാല്‍ പിഴയീടാക്കും. വിജയബാങ്കിന് മുന്‍വശത്തും വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല. കുമ്പള ബസ്സ്റ്റാന്റിന് മുന്‍വശത്തായി വലിയ വാഹനങ്ങള്‍ നിര്‍ത്തുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. ട്രാഫിക് നിയന്ത്രിക്കാന്‍ പൊലീസുകാരെ നിര്‍ത്തും. പൊലീസ് സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പഞ്ചായത്ത് അധികൃതരും സംബന്ധിച്ചു.

KCN

more recommended stories