വില കുറഞ്ഞ കാര്‍ പുറത്തിറക്കാനൊരുങ്ങി ബജാജ്

ടാറ്റ നാനോക്ക് ശേഷം വില കുറഞ്ഞ കാര്‍ പുറത്തിറക്കാനൊരുങ്ങി ബജാജ്. ക്യൂട്ട് എന്ന പേരിട്ടിരിക്കുന്ന ബജാജിന്റെ കുഞ്ഞന്‍ കാര്‍ ഈ വര്‍ഷം അവസാനത്തോടെ നിരത്തുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഒന്നിലേറെ പൊതു താല്‍പ്പര്യ ഹരജികള്‍ കാരണം കാറിന്റെ വരവ് വൈകുകയായിരുന്നു.2012 ഓട്ടോ എക്‌സ്‌പോയിലാണ് ക്യൂട്ടിന്റെ പ്രൊഡക്ഷന്‍ മോഡല്‍ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. നിര്‍മാണം ഇന്ത്യയിലാണെങ്കിലും ഔദ്യോഗികമായി രാജ്യത്തെ ക്യൂട്ട് പുറത്തറിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. മറ്റ് രാജ്യങ്ങളിലെല്ലാം തന്നെ സാധാരണക്കാരുടെ വാഹനമായി ക്യൂട്ട് മാറി കഴിഞ്ഞു. ലോകത്തിലെ ഏറ്റവും ചെറിയ യാത്ര വാഹനമാണ് ക്യൂട്ട്. കാറിന്റെ രൂപമാണെങ്കിലും ക്യൂട്ടിനെ ആ ഗണത്തില്‍ ബജാജ് കൂട്ടിച്ചേര്‍ത്തിട്ടില്ല. ഫോര്‍ വീലര്‍ വാഹനമായി മാത്രമാണ് ക്യൂട്ടിനെ ബജാജ് കാണുന്നത്. ചിലവ് കുറക്കുന്നതിന്റെ ഭാഗമായി എസി. പവര്‍ സ്റ്റിയറിങ്, പവര്‍ വിന്‍ഡോസ്, ഓഡിയോ സിസ്റ്റം എന്നിവ വാഹനത്തില്‍ നല്‍കിയിട്ടില്ല. ഓറഞ്ച്, ചുവപ്പ്, വയലറ്റ്, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങളില്‍ ക്യൂട്ട് ലഭ്യമാകും. 216.6 സി.സി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ക്യൂട്ടിന്റെ ഹൃദയം. മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗത. 36 കിലോമീറ്ററാണ് ഇന്ധനക്ഷമത. വില തന്നെയാണ് ക്യൂട്ടിന്റെ ഹൈലൈറ്റ്. 1.2 ലക്ഷം രൂപക്ക് ക്യൂട്ട് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് സൂചന.

KCN

more recommended stories