കുട്ടികളുടെ തീക്കളി: കത്തിച്ചാമ്പലായത് മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗം

മൊഗ്രാല്‍: എട്ടും പന്ത്രണ്ടും വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികളുടെ തീക്കളിയെ തുടര്‍ന്ന് കൊപ്പളത്തില്‍ കത്തിച്ചാമ്പലായത് നൂറോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ തോണികളും മറ്റ് മത്സ്യബന്ധനസാമഗ്രികളും. ശനിയാഴ്ച വൈകുന്നേരം കൊപ്പളത്താണ് സംഭവം. കൊപ്പളം പുഴയോരത്തെ ഷെഡില്‍ സൂക്ഷിച്ചിരുന്ന രണ്ട് തോണികളും, വലകളും, എഞ്ചിനുകളുമാണ് കുട്ടികള്‍ ഷെഡിലിരുന്നു കയ്യില്‍ കിട്ടിയ തീപ്പെട്ടി ഉരച്ചത് കാരണം വന്‍ തീപിടുത്തമുണ്ടായി കത്തിനശിച്ചത്.

സിദ്ദീഖ് കൊപ്പളം, അഷ്റഫ് മൊഗ്രാല്‍, എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തോണികളും, വലകളും. ഏകദേശം മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ നാലു മാസമായി മൊഗ്രാലിലെ ചവിട്ടുവല മത്സ്യത്തൊഴിലാളികള്‍ കാലവര്‍ഷവും കടല്‍ക്ഷോഭവും മൂലം മത്സ്യബന്ധനത്തിന് പോകാനാകാതെ ദുരിതത്തിലായിരുന്നു. കടല്‍ ശാന്തമായി വരുന്നതിനാലും, കാലവര്‍ഷത്തില്‍ അയവ് വന്നതിനാലും ചവിട്ടുവല പുനരാരംഭിക്കാന്‍ തൊഴിലാളികള്‍ ഒരുങ്ങുന്നതിനിടയിലാണ് കുട്ടികളുടെ വികൃതി മൂലം തോണിയും വലയും കത്തിനശിച്ചത്. ഇത് തൊഴിലാളികളെ ഏറെ വിഷമത്തിലാക്കിയിട്ടുണ്ട്.

സംഭവമറിഞ്ഞ ഉടന്‍ കുമ്പള പോലീസെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നു നഷ്ടപരിഹാരം ലഭ്യമാക്കാമെന്ന ഉറപ്പിന്മേല്‍ സംഭവം ഒത്തു തീര്‍പ്പാക്കിയിരിക്കുകയാണ്.

KCN

more recommended stories