ഇന്നിംഗ്സ് ജയം, ഇന്ത്യ പരമ്പര തൂത്തുവാരി; ചരിത്ര നേട്ടവുമായി കോഹ്ലി

പല്ലേക്കലെ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്നിംഗ്സിനും 171 റണ്‍സിനുമാണ് ഇന്ത്യ ലങ്കയെ തകര്‍ത്തത്. ഇന്ത്യയുടെ 487 എന്ന ഒന്നാം ഇന്നിംഗ്സ് സ്‌കോറിനെതിരെ ആതിഥേയര്‍ ഒന്നാം ഇന്നിംഗ്സില്‍ 135 റണ്‍സിനും രണ്ടാം ഇന്നിംഗ്സില്‍ 181 റണ്‍സിനും പുറത്തായി. ഉജ്ജ്വല സെഞ്ച്വറിയോടെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് കളിയിലെ താരം. വിദേശത്ത് മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരുന്നത് ആദ്യമായാണ്. നാലുവിക്കറ്റ് അശ്വിന്‍, മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി എന്നിവരാണ് രണ്ടാം ഇന്നിംഗ്സില്‍ ലങ്കയെ തകര്‍ത്തത്. നേരത്തെ ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 304 റണ്‍സിനും കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 52 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം.

ഒന്നിന് 19 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ലങ്ക മൂന്നാം ദിനം ചായക്ക് ശേഷം 181 റണ്‍സിന് പുറത്താവുകയായിരുന്നു. ആദ്യ ഇന്നിംഗ്സിലേതുപോലെ കൂട്ടത്തകര്‍ച്ചയായിരുന്നു രണ്ടാം ഇന്നിംഗ്സിലും ലങ്കയെ കാത്തിരുന്നത്. തോല്‍വി ഒഴിവാക്കാന്‍ വമ്പന്‍ ഇന്നിംഗ്സുകള്‍ വേണ്ടിയിരുന്ന ലങ്ക നാലിന് 39 എന്ന നിലയിലേക്കും ഏഴിന് 138 എന്ന നിലയിലേക്കും വീണു. അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ചന്ദിമാലും മാത്യൂസും ചേര്‍ത്ത 69 റണ്‍സാണ് സ്‌കോര്‍ 100 കടക്കാന്‍ സഹായിച്ചത്. മധ്യനിരയില്‍ ചന്ദിമാല്‍ (36), മാത്യൂസ് (35), ഡിക്വെല്ല (41) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയങ്കിലും അത് തോല്‍വി ഒഴിവാക്കാന്‍ പര്യാപ്തമായിരുന്നില്ല.
നേരത്തെ ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 487 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ലങ്ക ഒന്നാം ഇന്നിംഗ്സില്‍ 135 റണ്‍സിന് പുറത്തായി. നാലുവിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ലങ്കയെ തകര്‍ത്തത്.

KCN

more recommended stories