മൊബൈല്‍ ഫോണിലും ചൈനയുടെ ചാരക്കണ്ണ് 21 കമ്പനികള്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള 21 മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടിസ് അയച്ചു. ചൈനീസ് കമ്പനികളായ വിവോ, ഒപ്പോ, ഷിയോമി, ജിയോണി എന്നിവയുള്‍പ്പെടെ 21 കമ്പനികള്‍ക്കാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടിസ് അയച്ചത്.

ഉപഭോക്താക്കള്‍ സ്മാര്‍ട്ട് ഫോണില്‍ സൂക്ഷിക്കുന്ന സന്ദേശങ്ങളും മറ്റു വ്യക്തികളുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങളും ചോര്‍ത്തുന്നതായാണ് സംശയം. ചൈനീസ് കമ്പനികള്‍ക്കു പുറമെ ആപ്പിള്‍, സാംസങ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ക്കും മൈക്രോമാക്‌സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ട്.

നോട്ടിസിനു മറുപടി നല്‍കാന്‍ കമ്പനികള്‍ക്ക് ഈ മാസം 28 വരെ സമയം അനുവദിച്ചതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അതിനുശേഷം ഇക്കാര്യത്തില്‍ അധികൃതര്‍ പരിശോധന നടത്തും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ശിക്ഷ ഉള്‍പ്പെടയുള്ള നടപടികള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ചൈനീസ് കമ്പനികള്‍ നിര്‍മിക്കുന്ന മൊബൈല്‍ ഫോണുകളും മറ്റും ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി നേരത്തെയും പ്രചാരണമുണ്ടായിരുന്നു. ഇന്ത്യചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ചൈനീസ് ഉല്‍പ്പന്നങ്ങളെ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നതും ശ്രദ്ധേയമാണ്.

KCN

more recommended stories