ഭീകരര്‍ക്ക് വീണ്ടും തിരിച്ചടി; ലഷ്‌കര്‍ കമാന്‍ഡര്‍ അയൂബ് ലാല്‍ഹരിയെ സൈന്യം വധിച്ചു

പുല്‍വാമ: കുപ്രസിദ്ധ ഭീകരനും ലഷ്‌കറെ തയിബ കമാന്‍ഡറുമായ അയൂബ് ലാല്‍ഹരിയെ ഇന്ത്യന്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. കശ്മീരിലെ ദക്ഷിണ പുല്‍വാമ ജില്ലയില്‍ ബുധനാഴ്ച ഉച്ച തിരിഞ്ഞാണ് സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടിയത്. ലഷ്‌കറെ തയിബ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാനയെ വധിച്ച ശേഷമുള്ള ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഏറ്റവും വലിയ നേട്ടമായാണ് ലഷ്‌കറിന്റെ ജില്ലാ കമാന്‍ഡര്‍ കൂടിയായ അയൂബ് ലാല്‍ഹരിയുടെ വധം വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ദുജാനയെ ഇന്ത്യന്‍ സൈന്യം വധിച്ചത്.
ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും കശ്മീര്‍ പൊലീസും നോട്ടമിട്ടിരുന്ന ഭീകരനാണ് അയൂബ് ലാല്‍ഹരി. ഇയാള്‍ കൊല്ലപ്പെട്ട വിവരം ജമ്മു കശ്മീര്‍ ഡിജിപി ശേഷ് പോള്‍ വയീദ് സ്ഥിരീകരിച്ചു. ഇയാളെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ ഒരു പൊലീസുകാരന് പരുക്കേറ്റു. ലാല്‍ഹരിക്കെതിരായ നടപടിയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ ഡിജിപി അഭിനന്ദിച്ചു.
ഇയാള്‍ വാഹനത്തില്‍ വരുന്ന വിവരമറിഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ ബന്ദിപ്പോരാ ഗ്രാമത്തില്‍വച്ച് വാഹനം തടയുകയായിരുന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ നിറയൊഴിച്ചു. തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ ഇയാള്‍ക്കു വെടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ തല്‍ക്ഷണം മരിച്ചു.
പുല്‍വാമ ജില്ലയിലെ ലാല്‍ഹാര്‍ സ്വദേശിയാണ് മുഹമ്മദ് അയൂബ് ലോന്‍ എന്ന അയൂബ് ലാല്‍ഹാരി. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് കുപ്രസിദ്ധ ഭീകരന്‍ അബു ദുജാനയ്‌ക്കൊപ്പം കൊല്ലപ്പെട്ട ആരിഫ് ലാല്‍ഹരിയുടെ അയല്‍വാസി കൂടിയാണ് അയൂബ്. ഓഗസ്റ്റ് ഒന്നിനു പുലര്‍ച്ചെ നാലു മണിയോടെ, സിആര്‍പിഎഫിന്റെ 182, 183 ബറ്റാലിയനുകളും കരസേനയുടെ 55 രാഷ്ട്രീയ റൈഫിള്‍സ് വിഭാഗവും, ജമ്മു കശ്മീര്‍ പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗമായ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്നാണ് ദുജാനയെയും ആരിഫിനെയും വീഴ്ത്തിയത്.

KCN

more recommended stories