വീട് കുത്തിത്തുറന്ന് 14 പവന്‍ സ്വര്‍ണം കൊള്ളയടിച്ചു: പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

കുമ്പള: പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായി. ഉപ്പളയിലെ ജംഷീദിനെ(25)യാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. ഉപ്പള പച്ചമ്പളയിലെ മുഹമ്മദ് അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് 14 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടാം പ്രതിയാണ് ജംഷീദ്. ഈ കേസിലെ മുഖ്യപ്രതിയായ മുസമ്മലിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുസമ്മില്‍ ഇപ്പോഴും റിമാന്റിലാണ്.

2016 ജൂണ്‍ 27നാണ് പച്ചമ്പളയിലെ മുഹമ്മദ് അഷ്‌റഫിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. രാവിലെ 11.30 മണിയോടെ അഷ്‌റഫും കുടുംബവും വീട് പൂട്ടി പുറത്തേക്ക് പോയതായിരുന്നു. ഉച്ചക്ക് രണ്ടുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിതുറന്ന നിലയില്‍ കണ്ടെത്തിയത്. അകത്തുകയറി നോക്കിയപ്പോള്‍ അലമാര കുത്തിതുറന്ന് അതിനകത്തുണ്ടായിരുന്ന സ്വര്‍ണം മോഷ്ടിച്ചതായി കണ്ടെത്തി. അഷ്‌റഫിന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും മുസമ്മില്‍ പിടിയിലാവുകയുമായിരുന്നു. മുസമ്മലിനെ ചോദ്യം ചെയ്തതോടെയാണ് കവര്‍ച്ചയില്‍ ജംഷീദിനും പങ്കുണ്ടെന്ന് തെളിഞ്ഞത്.

KCN

more recommended stories