രാമലീല ഇന്ന് തിയേറ്ററുകളില്‍

തിരുവനന്തപുരം: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ദിലീപ് ചിത്രം രാമലീല ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കും പിന്തുണാ ഹാഷ്ടാഗുകള്‍ക്കുമൊക്കെ ഇടയിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നതെന്നതാണ് ഏറെ പ്രത്യേകത. ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയാണെന്നു പറയപ്പെടുന്ന ചിത്രത്തിന് ഇനിയും നിരവധി പ്രത്യേകതകളുണ്ട്.

ഇതുവരെ ഒരു ദിലീപ് ചിത്രത്തിനും ലഭിച്ചിട്ടില്ലാത്ത പ്രചരണമാണ് രാമലീലക്ക് ഇതുവരെ ലഭിച്ചത്. അതും വലിയ മുതല്‍മുടക്കൊന്നുമില്ലാതെ. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. പുലിമുരുകന്‍ എന്ന മെഗാഹിറ്റിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകന്‍ പ്രതിനായകനായപ്പോള്‍ റിലീസ് പല തവണ നീണ്ടു. ജൂലായ് 21നാണ് ചിത്രത്തിന്റെ റിലീസ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജൂലായ് 10ന് അറസ്റ്റിലായി. ഇതോടെ ചിത്രത്തിന്റെ കാര്യം അനിശ്ചിതത്വത്തിലുമായി.

ഓണത്തിനു മുമ്പ് ദിലീപിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ ചിത്രത്തിന്റെ റിലീസിനൊപ്പം വലിയ ആഘോഷപരിപാടികളാണ് ഫാന്‍സ് അസോസിയേഷനുകള്‍ ആലോചിച്ചിരുന്നത്. ജാമ്യം കിട്ടിയാല്‍ രാമലീലയിലൂടെ ഒരു റീ എന്‍ട്രിയായിരുന്നു ദിലീപും പ്രതീക്ഷിച്ചിരുന്നത്. ഓണച്ചിത്രങ്ങളുടെ തിരക്ക് കഴിഞ്ഞാലുടന്‍ ചിത്രം പുറത്തിറക്കാനായിരുന്നു നീക്കം. താന്‍ ഗൂഡാലോചനയുടെ ഇരയെന്ന് സിനിമയിലൂടെ ബോധ്യപ്പെടുത്താനും ആലോചിച്ചിരുന്നു.ജാമ്യം കിട്ടിയശേഷം റിലീസ് മതിയെന്നായിരുന്നു ദിലീപും നിര്‍മാതാക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ തുടര്‍ച്ചായി കോടതി ജാമ്യം നിഷേധിച്ചതോടെ ഈ നീക്കങ്ങളെല്ലാം പാളി.

ഇതിനിടെ സിനിമക്കെതിരെ ബഹിഷ്‌കരണാഹ്വാനങ്ങള്‍ മുഴങ്ങി. സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ കത്തിക്കണമെന്ന് വരെ ചിലര്‍ പറഞ്ഞു. തിയേറ്ററുകള്‍ തകര്‍ക്കണമെന്ന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി രാമചന്ദ്രന്റെ പ്രസ്താവന വിവാദമായി. എന്നാല്‍ ദിലീപിനെയും ചിത്രത്തെയും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. അതില്‍ ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യരും സംവിധായകന്‍ ലാല്‍ ജോസുമൊക്കെ ഉള്‍പ്പെടും. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല, ഒരു സിനിമയും ഒരാളുടേത് മാത്രമല്ല, ഒരുപാടുപേരുടേതാണ് എന്നിങ്ങനെയായിരുന്നു മഞ്ജുവിന്റെ നിലപാടുകള്‍. സിനിമയോടൊപ്പം, അവനോടൊപ്പം എന്ന ഹാഷ്ടാഗോടെയാണ് ലാല്‍ ജോസ് സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത്. ആഷിഖ് അബു, ജോയ് മാത്യൂ , വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരും സിനിമയെ പിന്തുണച്ച് രംഗത്തെത്തി.

മലബാര്‍ മേഖലയില്‍ രാമലീല റിലീസ് ചെയ്യുന്നത് തടയാന്‍ ലിബര്‍ട്ടി ബഷീറിന്റെനേതൃത്വത്തില്‍ ശ്രമം നടക്കുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ ഭാഗമായ് മലബാറിലെ പ്രമുഖ തിയറ്റര്‍ ഉടമകളെ സ്വാധീനിച്ച് രാമലീലയ്ക്ക് ഡേറ്റ് നല്‍കരുതെന്നും കളിച്ചാല്‍ തീയറ്റര്‍ തച്ചു തകര്‍ക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു വാര്‍ത്ത. ദിലീപിന്റെ ഫാന്‍സ് പേജിലും ഇതുസംബന്ധിച്ച് കുറിപ്പ് വരുകയുണ്ടായി. എന്നാല്‍ ഇങ്ങനെയൊരു ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തി.
തന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളില്‍ രാമലീല പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും ഇക്കാര്യം വളരെ നേരത്തെ തന്നെ ദിലീപിനോടും സംവിധായകനോടും പറഞ്ഞിട്ടുള്ളതാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞതായും വാര്‍ത്തകള്‍ വന്നു. അതിനിടെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ടോമിച്ചന്‍ മുളകുപാടത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു.

എന്തായാലും ദിലീപിന്റെ ജീവിതത്തിലെ സമീപകാല സംഭവങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള ട്രെയിലറും പോസ്റ്ററും പാട്ടുമെല്ലാം റിലീസിന് മുമ്പേ പ്രേക്ഷകശ്രദ്ധ നേടി. ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രമായ രാമനുണ്ണി എംഎല്‍എ ആണ്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാമനുണ്ണി മറ്റൊരു മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുകയും അതിന് ശേഷമുണ്ടാവുന്ന രാഷ്ട്രീയ പകപോക്കലുകളുമാണ് സിനിമയുടെ ഇതിവൃത്തം. രാമനുണ്ണി ജയിലിലാണെന്നതും മറ്റൊരു പ്രത്യേകത. എന്നാല്‍ സിനിമയ്ക്കു ദിലീപിന്റെ ജീവിതവുമായി പൂര്‍ണമായും സാമ്യമില്ലെന്നും അങ്ങനെയുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നുമാണ് സിനിമയുടെ തിരക്കഥാകൃത്ത് സച്ചി പറയുന്നത്. സിനിമയുടെ കഥ 10 മാസം മുമ്പ് തയ്യാറാക്കിയതാണെന്നും മനസില്‍ കഥ ആദ്യം രൂപപ്പെടുമ്പോള്‍ ദിലീപ് ആയിരുന്നില്ലെന്നും മറ്റൊരു പശ്ചാത്തലത്തിലുള്ള ചിത്രത്തിലേക്ക് പൃഥ്വിരാജിനെയാണ് പരിഗണിച്ചതെന്നും സച്ചി പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന ദിവസമാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ദിലീപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷ വിധി പറയാന്‍ കോടതി മാറ്റിവച്ചിരിക്കുകയാണ്. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചത്. പൊലീസ് പിടിച്ചാല്‍ മൂന്നുകോടി നല്‍കാമെന്നും ദിലീപ് പള്‍സര്‍ സുനിയോട് പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. രാമലീല തിയേറ്ററില്‍ ഓടുമ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നായകന്റെ റിമാന്‍ഡ് പുതുക്കുന്ന നടപടികളാവും കോടതിയില്‍ നടക്കുക. രാവിലെ 11ന് അങ്കമാലി കോടതിയിലാകും നടപടികള്‍

KCN

more recommended stories