സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

ബംഗളൂരു : ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ കൊലപാതകത്തിലേക്ക് നയിച്ചത് ബൈക്കുകള്‍ തമ്മില്‍ ഉരസിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം. ഒഡീഷക്കാരനായ പ്രണോയ് മിശ്രയെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പൊലീസിനെ ആക്രമിച്ച പ്രതികളിലൊരാളെ കാലിന് വെടിവച്ച് വീഴ്ത്തിയാണ് പിടികൂടിയത്.

മഡിവാള ചോക്ലേറ്റ് ഫാക്ടറിക്കടുത്താണ് ഒഡീഷക്കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പ്രണോയ് മിശ്രയെ തിങ്കളാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എസ്.ജി പാളയയിലെ വീട്ടില്‍ നിന്ന് സുഹൃത്തിന്റെ അടുത്തേക്ക് പോകുന്നവഴിയായിരുന്നു കൊലപാതകം. മോഷണമല്ലെന്ന നിഗമനത്തില്‍ ആദ്യമെത്തിയ പൊലീസ്, വ്യക്തിവൈരാഗ്യമായിരിക്കാം കാരണമെന്ന നിഗമനത്തിലെത്തി. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്. കൂട്ടുകാര്‍ക്കൊത്ത് പാര്‍ട്ടി കഴിഞ്ഞ് പെണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ ചോക്ലേറ്റ് ഫാക്ടറിക്കടുത്തുളള വളവില്‍ വച്ച് ഒരു ബൈക്കുമായി പ്രണോയ് മിശ്രയുടെ ബൈക്ക് ഉരസി. രണ്ട് പേര്‍ ബൈക്കിലുണ്ടായിരുന്നു. ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റമായി.

പ്രണോയിയോട് 500 രൂപ ആവശ്യപ്പെടുകയും. തരില്ലെന്ന് പറഞ്ഞതോടെ അടിപിടിയിലെത്തി. കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് മറ്റ് രണ്ടുപേരും പ്രണോയിയെ കുത്തി. ദേഹമാസകലം കുത്തേറ്റ് രക്തംവാര്‍ന്ന് പ്രണോയ് മരിക്കുകയായിരുന്നു. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട കാര്‍ത്തിക്,അരുണ്‍ എന്നിവരാണ് പ്രതികളെന്ന് മഡിവാള പൊലീസ് തിരിച്ചറിഞ്ഞു. ഇരുവരും പരപ്പന ഭാഗത്ത് ഉണ്ടെന്നറിഞ്ഞ് ചൊവ്വാഴ്ച രാത്രിയെത്തിയ പൊലീസിന് നേരെ ആക്രമണമുണ്ടായി. കത്തിയെടുത്ത് വീശിയ കാര്‍ത്തിക്കിനെ കാലിനുവെടിവച്ച് പൊലീസ് വീഴ്ത്തി. അരുണ്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.

KCN

more recommended stories