പുലിമുട്ട് നിര്‍മ്മാണത്തിന് പഠനം നടത്തും: മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ

കാസര്‍കോട്: ഷിറിയ പുഴയുടെ അഴിമുഖമായ ആരിക്കാടി കടവത്ത് പുലിമുട്ട് (ബ്രേക്ക് വാട്ടര്‍) നിര്‍മ്മിക്കുന്നതിന് പഠനം നടത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. അഴിമുഖത്ത് അനിയന്ത്രിതമായ രീതിയില്‍ മണ്ണടിയുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍പിടിക്കുന്നതിനും പരിസരത്ത് ജീവിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായുള്ള പരാതി പരിഗണിച്ച് മന്ത്രി ഇവിടെ സന്ദര്‍ശനം നടത്തിയാണ് ഇത് വ്യക്തമാക്കിയത്.

പുലിമുട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിന് 2014ല്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 72 ലക്ഷംരൂപ പഠനഗവേഷണങ്ങള്‍ക്ക് വേണ്ടിവരുമെന്ന് വ്യക്തമാക്കിയിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയിരുന്നില്ല. പുതിയ സാഹര്യത്തില്‍ പഠനഗവേഷണങ്ങള്‍ക്ക് തുക വര്‍ധിക്കുവാന്‍ സാധ്യതയുണ്ട്. എന്തുതന്നെയായാലും അഴിമുഖത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് പഠനം നടത്തുവാന്‍ അടിയന്തരമായി ഉത്തരവിടും. വരുന്ന സംസ്ഥാന ബജറ്റിന് മുമ്പ് ഒരിക്കല്‍കൂടി താന്‍ ഇവിടെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്ക് ബജറ്റില്‍ തുക അനുവദിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അഴിമുഖത്ത് മണ്ണ് അടിയുന്നതുമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകള്‍ കടലിലേക്ക് കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. മാത്രമല്ല ഇത്തരത്തില്‍ മണ്ണ് അടിയുന്നതുമൂലം മഴക്കാലത്ത് ഈ പ്രദേശത്ത് വെള്ളപ്പൊക്കത്തിനും കാരണമാകുന്നുണ്ട്. പലപ്പോഴും മഴക്കാലത്ത് തങ്ങളുടെ കുടുംബങ്ങളെ മറ്റുപ്രദേശത്തേക്ക് മാറ്റേണ്ടി വരാറുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ മന്ത്രിയോട് പറഞ്ഞു. ഷിറിയ പുഴയിലൂടെ മത്സ്യബന്ധനബോട്ടില്‍ ആരിക്കാടി അഴിമുഖവും പരിസരപ്രദേശങ്ങളും മന്ത്രി നോക്കിക്കണ്ടു. വള്ളവും വലയും വാങ്ങുന്നതിന് വായ്പയെടുത്തവരുടെ കടം എഴുതിത്തള്ളണമെന്ന മത്സ്യത്തൊഴിലാളികളുടെ നിവേദനം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ആരിക്കാടി കടവത്ത് മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍വീണ് മരിച്ച മുനാസിന്റെ വീട് മന്ത്രി സന്ദര്‍ശിച്ചു. കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ വേണ്ട സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കൊപ്പം ജനപ്രതിനിധികള്‍, ഫിഷറീസ്, തുറമുഖവകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

KCN

more recommended stories