ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കും- മുഖ്യമന്ത്രി

ശബരിമല: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ഥാടകരുടെ സുരക്ഷയാണ് പ്രധാനം. അതിനാല്‍ ശബരിമലയില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വേണ്ട. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായുള്ള വികസനമാണ് ശബരിമലയില്‍ നടക്കുന്നത്. വിനോദസഞ്ചാര വകുപ്പിന്റെ പുണ്യദര്‍ശനം കോംപ്ലക്‌സിന്റെയും ജലസംഭരണിയുടെയും നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെത്തിയ പിണറായി വിജയന്‍ സോപാനത്തിലെത്തി പുതിയ കൊടിമരം കണ്ടു. ചുറ്റമ്പലത്തിലൂടെ നടന്ന് സോപാനത്തിനടുത്ത് എത്തി ശ്രീകോവിലിലെ അയ്യപ്പ വിഗ്രഹം ദര്‍ശിച്ചു. മേല്‍ശാന്തിയുമായി കുശലപ്രശ്‌നം നടത്തി. ശേഷം മാളികപ്പുറത്തെത്തിയ പിണറായി മാളികപ്പുറം ക്ഷേത്രം, മണിമണ്ഡപം, കൊച്ചു കടുത്ത മണ്ഡപം എന്നിവ സന്ദര്‍ശിച്ചു.

ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ശബരിമലക്ഷേത്ര സന്നിധാനത്ത് അയ്യപ്പ വിഗ്രഹത്തിന് മുന്നിലെത്തുന്നത്. തുടര്‍ന്ന് താഴെ വാവര് സ്വാമി നടയില്‍ എത്തി മുഖ്യകര്‍മ്മി അബ്ദുള്‍ റഷീദ് മുസലിയാരില്‍ നിന്നും കല്‍ക്കണ്ടവും കുരുമുളകും ചേര്‍ത്ത പ്രസാദവും വാങ്ങികഴിച്ചു. പിന്നീട് രണ്ട് തവണ പ്രസാദം ചോദിച്ച് വാങ്ങുകയും ചെയ്തു. മന്ത്രി ജി.സുധാകരനും ഒപ്പമുണ്ടായിരുന്നു.

KCN

more recommended stories