പ്രതിഷേധം ശക്തമാക്കി നഴ്സുമാര്‍: നിരാഹാരസമരം ആരംഭിച്ചു

കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാര്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. 72 ദിവസം പിന്നിട്ട സമരം അവസാനിപ്പിക്കാന്‍ മാനേജ്മെന്റ് തയാറാകാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കാന്‍ നഴ്സുമാര്‍ തീരുമാനിച്ചിരിക്കുന്നത്. പിരിച്ചു വിട്ട 60 പേരെയും തിരിച്ചെടുക്കും വരെ സമരം തുടരുമെന്ന് നഴ്സുമാര്‍ വ്യക്തമാക്കി.

ശമ്പളവര്‍ധനവ്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങളുയര്‍ത്തിയാണ് കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാര്‍ സമരം ആരംഭിച്ചത്. പക്ഷേ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ പേരെയും കരാര്‍ കാലാവധിയുടെ പേര് പറഞ്ഞ് മാനേജ്മെന്റ് പിരിച്ചു വിട്ടതോടെ പ്രധാന സമരാവശ്യം ഇതായി മാറി. ഹൈക്കോടതിയുടെ മധ്യസ്ഥ ചര്‍ച്ചയിലും ജില്ലാ ലേബര്‍ ഓഫീസര്‍ നടത്തിയ സമവായ ശ്രമങ്ങളിലും മാനേജ്മെന്റ് വഴങ്ങാന്‍ കൂട്ടാക്കിയില്ല.
പകരം പിരിഞ്ഞു പോകുന്നവര്‍ക്ക് പ്രതിഫലം നല്‍കാമെന്ന വാഗ്ദാനം മുന്നോട്ടു വെച്ചു. എന്നാല്‍ ജോലിയാണ് പ്രധാന ആവശ്യമെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നുമുള്ള നിലപാടിലായിരുന്നു നഴ്സുമാര്‍. തുടര്‍ന്ന് ഇന്നു മുതല്‍ നഴ്സുമാര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.
വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിണ്ടുണ്ട്. 19ന് നടക്കുന്ന സിറ്റിങ്ങില്‍ നഴ്സുമാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കമ്മീഷന്‍ പരിഗണിക്കും. അതേസമയം സമരം രണ്ടര മാസം പിന്നിട്ടിട്ടും രാഷ്ട്രീയ പാര്‍ട്ടികള് ആരും തന്നെ ഇവരുടെ പ്രശ്നത്തില്‍ ഇടപെടാന്‍ കൂട്ടാക്കിയിട്ടില്ല.

KCN