കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ചു

വിദ്യാനഗര്‍: കുഴല്‍പണ വിതരണക്കാരനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദിനെ (42)യാണ് ആക്രമിച്ച് പണം കവര്‍ന്നത്. ഉളിയത്തടുക്കയില്‍വെച്ചാണ് മുഹമ്മദിനെ നാലംഗ സംഘം കാറില്‍ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോയത്. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന ബാഗും പണവും തട്ടിപ്പറിച്ച ശേഷം തെക്കില്‍ വളവിലെ ഹമ്പിന് സമീപം കാറില്‍ നിന്നും തള്ളിയിട്ട് സംഘം കാഞ്ഞങ്ങാട് ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു.

ഒരു ലക്ഷം രൂപയാണ് ബാഗിലുണ്ടായിരുന്നതെന്ന് മുഹമ്മദ് വിദ്യാനഗര്‍ പോലീസിനോട് വെളിപ്പെടുത്തിയതായി അറിയുന്നു. പരിക്കേറ്റ മുഹമ്മദിനെ വിദ്യാനഗര്‍ അഡീ. എസ് ഐ അമ്പാടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. പണം നഷ്ടപ്പെട്ട സംഭവത്തില്‍ മുഹമ്മദ് പരാതി നല്‍കിയാല്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് വിദ്യാനഗര്‍ പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്റെ നമ്പര്‍ മുഹമ്മദ് പോലീസിന് നല്‍കിയതായി വിവരമുണ്ട്. കുഴല്‍പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണോ സംഭവത്തിനു പിന്നിലെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

KCN

more recommended stories