ഹജ്ജ്: 70 കഴിഞ്ഞവര്‍ക്കും നാലാം തവണക്കാര്‍ക്കും മുന്‍ഗണന വേണ്ടെന്ന് നിര്‍ദേശം

കോഴിക്കോട്: ഹജ്ജിന് തുടര്‍ച്ചയായി നാലാംതവണ അപേക്ഷിക്കുന്നവര്‍ക്കും 70 വയസ്സ് കഴിഞ്ഞവര്‍ക്കുമുള്ള സംവരണം ഇനി വേണ്ടെന്ന ഹജ്ജ് നയ പുനരവലോകന സമിതിയുടെ നിര്‍ദേശം സാമൂഹിക നീതിക്ക് നിരക്കാത്തതാണെന്ന് ആക്ഷേപം. ഹജ്ജ് സബ്‌സിഡി ഒഴിവാക്കുന്നതടക്കം ഇന്ത്യയിലെ ഹജ്ജ് നയം പുനഃപരിശോധിക്കാന്‍ മോദി സര്‍ക്കാര്‍ നിയോഗിച്ച ആറംഗ സമിതിയാണ് ഈ നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്.70 വയസ്സു കഴിഞ്ഞവരെയും തുടര്‍ച്ചയായി നാലു തവണ അപേക്ഷിച്ചവരെയും സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങളായി ഹജ്ജിന് നേരിട്ട് തെരഞ്ഞെടുത്തു വരുകയാണ്. ഇത് അവസാനിപ്പിക്കണമെന്നാണ് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒപ്പം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ക്വോട്ട വെട്ടിക്കുറച്ച് സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ക്കുള്ള ക്വോട്ട 30 ശതമാനമാക്കി ഉയര്‍ത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ജിദ്ദയിലെ മുന്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അഫ്‌സല്‍ അമാനുല്ല ചെയര്‍മാനും റിട്ട. ജസ്റ്റിസ് എസ്. പാര്‍ക്കര്‍, ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ കൈസര്‍ ഷെമീം, കമാല്‍ ഫാറൂഖി, ജെ. ആലം എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

എന്നാല്‍, എന്തിനുവേണ്ടിയാണ് ഈ നിര്‍ദേശങ്ങളെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. രാജ്യത്ത് ഹജ്ജിന് അപേക്ഷിക്കുന്നവരില്‍ നാലിലൊന്ന് പേര്‍ക്കുപോലും അവസരം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞതവണ ഇന്ത്യയില്‍നിന്ന് അപേക്ഷിച്ച 4,48,268 പേരില്‍ 1,23,700 പേര്‍ക്കുമാത്രമാണ് അവസരം ലഭിച്ചത്. കേരളത്തില്‍നിന്ന് 95,236 പേര്‍ ഈ തവണ അപേക്ഷ നല്‍കിയെങ്കിലും 6324 പേര്‍ക്ക് മാത്രമായിരുന്നു അവസരം കിട്ടിയത്.84,039 അപേക്ഷകര്‍ക്ക് പുറത്തുനില്‍ക്കേണ്ടിവന്നു. കേരളത്തിലെ അപേക്ഷകരില്‍ എട്ടു ശതമാനത്തിനുപോലും അവസരം ലഭിച്ചില്ല. 300 രൂപ അടച്ച് ഓരോ വര്‍ഷവും അപേക്ഷിക്കുന്ന ഇവരോട് കാണിക്കുന്ന സ്വാഭാവിക നീതിയാണ് സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക എന്നത്. സംവരണ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി അവസരം നല്‍കിയില്ലെങ്കില്‍ ഹജ്ജ് എന്ന സ്വപ്നം സാക്ഷാത് കരിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് ഈയൊരു ആനുകൂല്യം നല്‍കിപ്പോന്നത്. ഇത് അവസാനിപ്പിക്കണമെന്നതാണ് സമിതിയുടെ നിര്‍ദേശം.

കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അനുവദിച്ച ക്വോട്ടയില്‍നിന്ന് അഞ്ചു ശതമാനം വെട്ടിക്കുറച്ച് സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് നല്‍കണമെന്നതാണ് മറ്റൊരു നിര്‍ദേശം. ഇന്ത്യയില്‍നിന്ന് പോവുന്ന ഹാജിമാരില്‍ 75 ശതമാനം ഹജ്ജ് കമ്മിറ്റി മുഖേനയും 25 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് പോകുന്നത്. ഇത് 70:30 എന്ന അനുപാതത്തിലാക്കണമെന്നാണ് നിര്‍ദേശം. ഹജ്ജ് കമ്മിറ്റിയുടെ ക്വോട്ട വെട്ടിക്കുറച്ചാലുള്ള നേട്ടമെന്താണെന്ന് റിപ്പോര്‍ട്ടില്‍ എവിടെയുമില്ല.ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ സൗകര്യത്തിനും അവര്‍ക്ക് സുഖകരമായ യാത്ര സജ്ജീകരിക്കുന്നതിനും പാര്‍ലമന്റെ് പാസാക്കിയ നിയമപ്രകാരം പ്രവര്‍ത്തിക്കുന്നതാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി.മുംബൈയില്‍ ഇതിന് വലിയ ആസ്ഥാന മന്ദിരവും ഉദ്യോഗസ്ഥ സംവിധാനങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കേന്ദ്ര മന്ത്രിസഭയില്‍ ഹജ്ജ് വകുപ്പിനായി മന്ത്രിയുമുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ എല്ലാ സ്‌റ്റേറ്റുകളിലും സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമുണ്ട് എന്നിരിക്കെ ഹജ്ജ്‌യാത്രക്ക് സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരെ എന്തിന് പങ്കാളിയാക്കണമെന്നത് ചോദ്യചിഹ്നമാണ്.ഇതിനുപുറമെ ഹജ്ജ് കമ്മിറ്റിയുടെ ക്വോട്ട വെട്ടിച്ചുരുക്കി ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് നല്‍കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നതും സംശയമുയര്‍ത്തുന്നതാണ്.

KCN