ലോകകപ്പ് : ഇറാന്‍ വിജയക്കുതിപ്പ് തുടരുന്നു

ഗോവ : അണ്ടര്‍ 17 ലോകകപ്പില്‍ ഇറാന്‍ വിജയക്കുതിപ്പ് തുടരുന്നു. മെക്സിക്കോയെ ഒന്നിനെതിരെ രണ്ടു ഗോളിന് തകര്‍ത്താണ് ഏഷ്യന്‍ കരുത്തരായ ഇറാന്‍ അവസാന എട്ടിലേക്ക് കടന്നത്. ആക്രമണപ്രത്യാക്രമണങ്ങളുടെ പരമ്പര കണ്ട മത്സരത്തിലാണ് മെക്സിക്കന്‍ തിരമാലകളെ തടഞ്ഞ് ഇറാന്‍ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്. ഏഴാം മിനുട്ടില്‍ പെനാല്‍റ്റി ഗോളാക്കി മുഹമ്മദ് ഷരീഫിയാണ് ഇറാനെ മുന്നിലെത്തിച്ചത്. ഇറാന്‍ താരം മുഹമ്മദ് ഖദേരിയെ പ്രതിരോധതാരം അഡ്രിയാന്‍ വാസ്‌കസ് ബോക്സില്‍ വീഴ്ത്തിയതിനു ലഭിച്ച സ്പോട്ട് കിക്കെടുക്കാനെത്തിയ മൊഹമ്മദ് ഷരീഫിക്ക് പിഴച്ചില്ല.

നാലുമിനുട്ടിനകം ഇറാന്‍ ലീഡ് രണ്ടായി ഉയര്‍ത്തി. മെക്സിക്കന്‍ പ്രതിരോധനിരയില്‍ കാര്‍ലോസ് റോള്‍ബ്ളെസിനും ലൂയിസ് ഒളിവാസിനും ഇടയിലെ ആശയക്കുഴപ്പത്തില്‍നിന്നാണ് രണ്ടാംഗോള്‍ പിറന്നത്. ഇറാന്‍ ഗോളി ഗുലാം സാദി ഉയര്‍ത്തിയടിച്ച പന്ത് പോസ്റ്റിനുമുന്നില്‍ പതിച്ചപ്പോള്‍ കുതിച്ചെത്തിയ അല്ലഹ്യാര്‍ സയ്യദ് മെക്സിക്കന്‍ ഗോളി ലോപസിന്റെ തലയ്ക്കു മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു.
37 ആം മിനിറ്റില്‍ മെക്സിക്കോ ഒരു ഗോള്‍ മടക്കി. ഡെ ലാ റോസയാണ് മെക്സിക്കോയുടെ ഗോള്‍ നേടിയത്. മറ്റു മല്‍സരങ്ങളില്‍ ഇറാഖിനെ തകര്‍ത്ത് മലിയും, ജപ്പാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ഇംഗ്ലണ്ടും അവസാന എട്ടില്‍ ഇടംനേടി.

ഒന്നിനെതിരെ അഞ്ചു ഗോളിനാണ് എഷ്യന്‍ ടീമായ ഇറാഖിനെ ആഫ്രിക്കന്‍ കരുത്തരായ മലി തകര്‍ത്തത്. മലിക്കായി ലസ്സാന എന്‍ഡ്രിയ ഇരട്ടഗോള്‍ നേടി. ഹാജി ഡ്രെയിം, ഫോഡെ കൊനോട്ട, പകരക്കാരനായി ഇറങ്ങിയ സെമെ കമാറ എന്നിവരാണ് മലിയുടെ ഗോള്‍വേട്ടക്കാര്‍. 85 ആം മിനുട്ടില്‍ അലി കരീമിന്റെ വകയാണ് ഇറാഖിന്റെ ആശ്വാസ ഗോള്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാനെ മറികടന്നാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് കടന്നത്. മികച്ച വിജയവുമായി പ്രീ ക്വാര്‍ട്ടറിലെത്തിയ ഇംഗ്ലണ്ടിനെ ജപ്പാന്‍ വരിഞ്ഞുകെട്ടി. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടര്‍ന്ന് ടൈബ്രേക്കറില്‍ 5-3 എന്ന സ്‌കോറിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

ഇംഗ്ലണ്ടിന് വേണ്ടി റിയാന്‍ ബൂസ്റ്റര്‍, കലും ഹഡ്സണ്‍, ഫിലിപ് ഫോഡണ്‍, ഗോളി കുര്‍ട്ടിസ് ആന്‍ഡേഴ്സണ്‍, എന്‍വയെ കെര്‍ബി എന്നിവര്‍ ഗോള്‍ നേടി. ജപ്പാനുവേണ്ടി യുകിനാരി സുഗാവ, ടയ്സെയ് മിയാഷിരോ, സോയ്ചിരോ കൊസുകി എന്നിവര്‍ ലക്ഷ്യം കണ്ടു. ജപ്പാന്റെ മൂന്നാം കിക്കെടുത്ത ഹിനാറ്റ കിഡയുടെ കിക്ക് ഗോളി ആന്‍ഡേഴ്സണ്‍ തടഞ്ഞു.
ക്വാര്‍ട്ടറില്‍ ഇറാന്‍ സ്പെയിനയും, ഇംഗ്ലണ്ട് അമേരിക്കയെയും നേരിടും.

KCN