സോളാര്‍ കേസ്; അതൃപ്തി അറിയിച്ച് ഡി.ജി.പി ഹേമചന്ദ്രന്‍

തിരുവനന്തപുരം: സോളാര്‍ കേസിന്റെ തുടരന്വേഷണത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കി മുന്‍ അന്വേഷണ സംഘം. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളോടുള്ള വിയോജിപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് മുന്‍ അന്വേഷണ സംഘത്തലവന്‍ ഡി.ജി.പി എ ഹേമചന്ദ്രന്‍ പറഞ്ഞു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയുളള കമ്മീഷന്റെ നിഗമനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരും ഉടന്‍ സര്‍ക്കാരിന് കത്തു നല്‍കും.

സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച മുന്‍ സംഘത്തിന്റെ വീഴ്ചകളും വീണ്ടും അന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കമ്മീഷന്‍ ശുപാശകളുടെ അടിസ്ഥാനത്തില്‍ ഇവരെ സ്ഥലമാറ്റി. പുതിയ അന്വേഷണ സംഘത്തിന്റെ ഉത്തരവ് വരാനിരിക്കെയാണ് മുന്‍ അന്വേഷണ സംഘത്തിന്റെ നിര്‍ണ്ണായകനീക്കം. അതൃപ്തി അറിയിച്ച് ഡി.ജി.പി എ ഹേമചന്ദ്രന്‍ പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നല്‍കി. വീഴ്ചയുണ്ടെങ്കില്‍ സംഘത്തലവന്‍ എന്ന നിലയില്‍ തനിക്കാണ് ഉത്തരവാദിത്വം മറ്റുള്ളവരെ ബലിയാടാക്കരുതെന്നുമാണ് കത്തിന്റെ ഉള്ളടക്കം. കമ്മീഷനോടുള്ള അതൃപ്തി ഹേമചന്ദ്രന്‍ തുറന്നു പറഞ്ഞു.

അതൃപ്തി സര്‍ക്കാറിനോടല്ല കമ്മീഷനോടാണെന്ന് വിശദീകരിക്കുമ്പോഴും ഹേമചന്ദ്രന്റ അടക്കമുള്ളവരുടെ നിലപാട് സര്‍ക്കാറിനെ തന്നെയാണ് സമ്മര്‍ദ്ദത്തിലാകുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍, അച്ചടക്ക നടപടിയും തുടരന്വേഷണവും പ്രഖ്യാപിച്ചത്. അച്ചടക്ക നടപടി നേരിട്ട മുന്‍ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരും ഹേമചന്ദ്രന് പിന്നാലെ പരാതിയുമായി സര്‍ക്കാറിനെ ഉടന്‍ സമീപിക്കും. മുന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട് പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആയുധമാക്കുന്നുമുണ്ട്. സോളാറിലെ തുടരുന്വേഷണത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകുമ്പോഴും പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവും നീളുകയാണ്.

KCN

more recommended stories