61-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് നാളെ തുടക്കം

കോട്ടയം: പാലാ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ പുതുപുത്തന്‍ സിന്തറ്റിക് ട്രാക്കില്‍ പുതുദൂരവും വേഗവും ലക്ഷ്യമിട്ട് കായികകൗമാരം പോരിനൊരുങ്ങി. 61-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് വെള്ളിയാഴ്ച തുടക്കം. 23വരെ നടക്കുന്ന മേളയില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലായി 2800ഓളം കായികതാരങ്ങള്‍ മത്സരിക്കും. 95 ഇനങ്ങളിലാണ് മത്സരം. ക്ലാസിന് പകരം പ്രായാടിസ്ഥാനത്തിലാണ് മത്സരമെന്നത് കായികമേളയുടെ ഇത്തവണത്തെ പ്രത്യേകതയാണ്. മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ വ്യാഴാഴ്ച രാവിലെ 11 മുതല്‍ പാലാ സെന്റെ് തോമസ് സ്‌കൂളില്‍ നടക്കും. ആതിഥേയരടക്കം ചില ടീമുകള്‍ പാലായിലെത്തി. മറ്റ് ടീമുകള്‍ വ്യാഴാഴ്ച എത്തും. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനുശേഷമാണ് ഇവരുടെ പാലാ പ്രയാണം. നിലവില്‍ ചാമ്പ്യന്മാരായ പാലക്കാട് ജില്ല കിരീടം നിലനിര്‍ത്താന്‍ എത്തുമ്പോള്‍ കൈവിട്ട ചാമ്പ്യന്‍പട്ടം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടാകും എറണാകുളത്തിന്റെ വരവ്. ചാമ്പ്യന്‍ സ്‌കൂളുകളുടെ കരുത്തില്‍ പോരിനിറങ്ങുന്ന ഇരുവരും തമ്മിലാകും ഇക്കുറിയും കീരിടപ്പോര്. ഇവര്‍ക്ക് വെല്ലുവിളിയുമായി കോഴിക്കോടും രംഗത്തുണ്ട്. സ്‌കൂള്‍ ചാമ്പ്യന്‍പട്ടത്തില്‍ ഹാട്രിക് ലക്ഷ്യമിട്ടാണ് കോതമംഗലം മാര്‍ ബേസില്‍ എത്തുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും ചാമ്പ്യന്‍പട്ടം നേടിയ ഇവര്‍ ഇത്തവണയും ഏറെ തയാറെടുപ്പോടെയാണ് എത്തുന്നത്. ഇവര്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ കല്ലടി എച്ച്.എസ് കുമരംപുത്തൂരും രംഗത്തുണ്ട്. തിരിച്ചുവരവ് ലക്ഷ്യമിട്ട് കോതമംഗലം സെന്റെ് ജോര്‍ജ് സ്‌കൂളും കഠിന പരിശീലനത്തിലാണ്. പാലക്കാടന്‍ കരുത്തുമായി എത്തുന്ന പറളി എച്ച്.എസും മുണ്ടൂര്‍ എച്ച്.എസും ഇവര്‍ക്ക് വെല്ലുവിളിയുയര്‍ത്തും. ദീപശിഖ പ്രയാണം ബുധനാഴ്ച വൈകീട്ട് കോട്ടയത്തെത്തി. വ്യാഴാഴ്ച രാവിലെ കായികകേരളത്തിന്റെ ശില്‍പി കേണല്‍ ഗോദവര്‍മ രാജയുടെ പനച്ചികപ്പാറയിലെ സ്മൃതിമണ്ഡപത്തില്‍നിന്ന് ദീപശിഖ പ്രയാണം ആരംഭിക്കും. തുടര്‍ന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി വൈകീട്ട് മൂന്നിന് പാലാ കൊട്ടാരമറ്റത്ത് എത്തുന്ന ദീപശിഖയെ വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ സ്‌റ്റേഡിയത്തില്‍ എതിരേല്‍ക്കും. രണ്ടരപ്പതിറ്റാണ്ടിനുശേഷം എത്തുന്ന കായികമേളയെ വരവേല്‍ക്കാനുള്ള ഒരുക്കം അന്തിമഘട്ടത്തിലാണ്. ഹരിത പെരുമാറ്റച്ചട്ടം പൂര്‍ണമായി നടപ്പാക്കാന്‍ തീരുമാനിച്ച മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

KCN

more recommended stories