നേഴ്സുമാരുടെ സമരം: ചേര്‍ത്തല കെ വി എം ആശുപത്രി അടച്ചുപൂട്ടാന്‍  തീരുമാനം

ചേര്‍ത്തല: നേഴ്സുമാരുടെ സമരം തുടരുന്ന കെ വി എം ആശുപത്രി അടച്ചുപൂട്ടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. നിലവിലുള്ള രോഗികള്‍ ആശുപത്രിവിടുന്ന മുറയ്ക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം നിയമാനുസൃതം അവസാനിപ്പിക്കുകയാണെന്ന് മാനേജ്മെന്റ് പറഞ്ഞു.കഴിഞ്ഞദിവസം മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, പി തിലോത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

കരാര്‍ കാലാവധി കഴിഞ്ഞ രണ്ടു നേഴ്സുമാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് യു എന്‍ എ സമരം നടത്തുന്നത്. ആശുപത്രിക്ക് മുന്നില്‍ തുടര്‍ന്ന കുത്തിയിരിപ്പ് സമരം ഏതാനും ദിവസമായി നിരാഹാരസമരമായി മാറി. ഇതിനിടയില്‍ പലതവണ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഒത്തുതീര്‍പ്പായില്ല.
ഷിഫ്റ്റ് സമ്പ്രദായം, മിനിമം വേതനം തുടങ്ങിയ ആവശ്യങ്ങള്‍ മാനേജ്മെന്റ് ആദ്യഘട്ടത്തില്‍ തന്നെ അംഗീകരിച്ചുവെങ്കിലും രണ്ട് നേഴ്സുമാരെ തിരിച്ചെടുക്കുന്നതിലെ തര്‍ക്കമാണ് നിലനിന്നത്.
ഈ ആവശ്യം അംഗീകരിക്കാതെ ഒത്തുതീര്‍പ്പില്ലെന്നാണ് സമരക്കാരുടെ നിലപാട്. എന്നാല്‍ ഇവരെ തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ മാനേജ്മെന്റ് ഉറച്ച് നില്‍ക്കുകയുമാണ്. ജില്ലാ ലേബര്‍ ഓഫീസര്‍ മുതല്‍ ലേബര്‍ കമ്മീഷണര്‍വരെ ഇരുവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തിയതാണ്.
ഇതിനിടയില്‍ മന്ത്രിമാരായ തോമസ് ഐസക്കും പി.തിലോത്തമനും നേരിട്ടെത്തി പ്രത്യേകമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നം അവസാനിച്ചില്ല. ഇതോടെയാണ് ബുധനാഴ്ച വൈകിട്ട് ഇരുവരുടെയും സാന്നിധ്യത്തില്‍ മണിക്കൂറുകള്‍നീണ്ട ചര്‍ച്ച നടന്നത്.
അവിടെയും തിരിച്ചെടുക്കല്‍ ഒത്തുതീര്‍പ്പിന് തടസ്സമായി. ആശുപത്രി ഉടമകള്‍ നേരിട്ട് പങ്കെടുത്ത ആദ്യത്തെ ചര്‍ച്ചയാണ് നടന്നത്. മന്ത്രിമാര്‍ക്ക് പുറമെ എ എം ആരിഫ് എം എല്‍ എ, കളക്ടര്‍ ടി വി അനുപമ തുടങ്ങിയവരും കെ വി എം ട്രസ്റ്റ് അംഗങ്ങളായ ഡോ. വി വി ഹരിദാസ്, വി വി പവിത്രന്‍, വി ആര്‍ പ്രസാദ്, ഡോ. അവിനാശ് എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ചര്‍ച്ച എങ്ങുമെത്താതെ പിരിഞ്ഞതിനെതുടര്‍ന്നാണ് ആശുപത്രി അടച്ചുപൂട്ടാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്. അക്രമത്തിലൂടെ ആശുപത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അതേ സമയം ഇന്നലെയും വിവിധ സംഘടനകള്‍ നേഴ്സുമാരുടെ സമരത്തിനു ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകള്‍ തടഞ്ഞിട്ടു.
മായിത്തറ, കുറുപ്പന്‍കുളങ്ങര, മതിലകം, ചേര്‍ത്തല റെയില്‍വേസ്റ്റേഷന്‍, വേളോര്‍വട്ടം എന്നിവിടങ്ങളിലായി സ്ഥാപനത്തിന്റെ പത്തോളം ബസുകളാണ് ഇന്നു രാവിലെ തടഞ്ഞത്. ബസില്‍ നിറയെ വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. പോലീസുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് അരമണിക്കൂറോളം തടഞ്ഞുവെച്ച ബസുകള്‍ പിന്നീട് വിട്ടയക്കുകയായിരുന്നു.ആശുപത്രി അടച്ചു പൂട്ടുന്നുവെന്നത് കെ വി എം മാനേജ്‌മെന്റിന്റ് നാടകമെന്ന് സമര രംഗത്തുള്ള നേഴ്‌സുമാരുടെ സംഘടന.
കെ വി എം ആശുപത്രി അടുച്ചുപൂട്ടാനുള്ള തീരുമാനം മാനേജ്മെന്റിന്റെ പൊറാട്ട് നാടകമെന്ന് സമരരംഗത്തുള്ള നഴ്സുമാരുടെ സംഘടന. 300 ബെഡ് ഉള്ള ആശുപത്രി അടച്ചുപൂട്ടിയാല്‍ നഴ്സിംഗ് കോളജിന്റെ ലൈസന്‍സ് നഷ്ടമാകും. ബി എസ് സി, എം എസ് സി, ഡി ഫാം,ബിഫാം തുടങ്ങി നിരവധി കോഴ്സുകള്‍ ഇവിടെയുണ്ട്.
1500 ഓളം വിദ്യാര്‍ഥികളാണ് കെ വി എം ആശുപത്രിയില്‍ പഠിക്കുന്നത്. നിയമാനുസൃതം ആശുപത്രിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ കഴിയില്ല.
സമരത്തെ പൊളിക്കാനുള്ള മാനേജ്മെന്റിന്റെ ഗൂഡതന്ത്രമാണ് തീരുമാനത്തിന്റെ പിന്നിലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ യൂനിറ്റ് പ്രസിഡന്റ് ജിജി പറഞ്ഞു.

KCN

more recommended stories