ദിലീപ് ഒന്നാം പ്രതി; കുറ്റപത്രം ഉടന്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. വ്യാഴാഴ്ച രാത്രി എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന അന്വേഷണസംഘത്തിന്റെ നിര്‍ണായക യോഗത്തിലാണ് ഈ തീരുമാനം. ദിലീപിനെതിരായ തെളിവുകള്‍ യോഗം വിലയിരുത്തി. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമവശങ്ങള്‍ ആരായും.

കുറ്റപത്രം തയാറായെന്നും ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ് പറഞ്ഞു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. നടിയെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ രണ്ടാം പ്രതിയാകും. നിലവില്‍ ഇയാള്‍ ഒന്നാംപ്രതിയും ദിലീപ് 11ാം പ്രതിയുമാണ്. കുറ്റകൃത്യത്തില്‍ പങ്കെടുത്തതിന് തുല്യമാണ് ഗൂഢാലോചന എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത്.

കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍, പ്രതിയെ സഹായിക്കല്‍, തൊണ്ടിമുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍വെക്കല്‍ എന്നിവയും ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ദിലീപില്‍ ചുമത്തും. കൃത്യം നടത്താന്‍ ദിലീപ് നേരിട്ട് മേല്‍നോട്ടം വഹിച്ചെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ മറ്റ് പ്രതികള്‍ക്ക് നടിയോട് മുന്‍വൈരാഗ്യമുണ്ടെന്ന് കണ്ടെത്താനായില്ല. വൈരാഗ്യമുണ്ടായിരുന്നത് ദിലീപിനാണ്. സുനില്‍കുമാര്‍ ദിലീപിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

11 പ്രതികളെ ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ ഇരുപതിലേറെ തെളിവുകളുണ്ടെന്നാണ് സൂചന. മജിസ്‌ട്രേറ്റിന് മുന്നില്‍ പള്‍സര്‍ സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവരടക്കം നല്‍കിയ രഹസ്യമൊഴികള്‍ കേസില്‍ നിര്‍ണായകമാകും. രഹസ്യമൊഴികള്‍, കുറ്റസമ്മതമൊഴികള്‍, സാക്ഷിമൊഴികള്‍, സൈബര്‍ തെളിവുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സാഹചര്യത്തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍ എന്നിവ കുറ്റപത്രത്തിനൊപ്പം പ്രത്യേക പട്ടികയായി സമര്‍പ്പിക്കും.ആലുവ പൊലീസ് ക്ലബില്‍ യോഗം ചേരാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും അവിടെ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെയാണ് യോഗസ്ഥലം മാറ്റിയത്.

KCN

more recommended stories