ഓട്ടോ ഡ്രൈവര്‍മാരുടെ കൊലപാതകം: മുഖ്യപ്രതി മണി ചെന്നൈയില്‍ കീഴടങ്ങി

ചെന്നൈ: മൂന്നാറില്‍നിന്ന് ഓട്ടം പോയ ഓട്ടോ ഡ്രൈവറെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി തിരുനെല്‍വേലി സ്വദേശി മണി (45) തമിഴ്‌നാട്ടില്‍ കീഴടങ്ങി. ചെന്നൈ സെയ്താപേട്ട് കോടതിയില്‍ കീഴടങ്ങിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളെ തേനി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ സംഘാംഗവും കൊലപാതകക്കേസുകളിലെ പ്രതിയുമാണു മണി. ഓട്ടോ വിളിച്ചുകൊണ്ടുപോയ ശേഷം ഡ്രൈവറെയും ബന്ധുവിനെയും ബോഡിമെട്ട് ചെക്ക്‌പോസ്റ്റിനു സമീപം ചുരത്തില്‍വച്ച് വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്.

കണ്ണന്‍ ദേവന്‍ കമ്പനി എല്ലപ്പെട്ടി എസ്റ്റേറ്റ് കെ.കെ.ഡിവിഷനില്‍ തമ്പദുരൈയുടെ മകനും ഓട്ടോ ഡ്രൈവറുമായ ശരവണന്‍ (19), ബന്ധുവും കെ.കെ.ഡിവിഷനില്‍ ഏബ്രഹാമിന്റെ മകനുമായ ജോണ്‍ പീറ്റര്‍ (17) എന്നിവരാണു കൊല്ലപ്പെട്ടത്. ഇരുവരെയും കൊലപ്പെടുത്തിയ വിവരം മണി തന്നെ യുവാക്കളുടെ ബന്ധുക്കളെ ഫോണ്‍ വിളിച്ചറിയിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ കൊലപാതക കേസില്‍ പ്രതിയായി ജയിലിലായിരുന്ന മണി ഏതാനും ദിവസം മുന്‍പാണു ജാമ്യത്തിലിറങ്ങിയത്.

സംഭവത്തില്‍ എല്ലപ്പെട്ടി സ്വദേശികളും മണിയുടെ പരിചയക്കാരുമായ സെന്തില്‍ (35), രമേശ് (33), വിമല്‍ (40), മണിയുടെ അമ്മാവന്‍ ചെല്ലദുരൈ (60) എന്നിവരെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയും കൊല്ലപ്പെട്ടവരും തമ്മില്‍ മുന്‍പരിചയമില്ലെന്നാണു പൊലീസ് പറയുന്നത്. മുന്‍പ് എല്ലപ്പെട്ടി എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു മണിയുടെ മാതാപിതാക്കള്‍. വിരമിച്ചശേഷം ഇവര്‍ തിരുനെല്‍വേലിയിലാണു താമസം.

പൊലീസ് പറയുന്നത് :

സഹോദരന്റെ ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എല്ലപ്പെട്ടിയില്‍ എത്തിയ മണി ശനി രാത്രി എട്ടുമണിയോടെ ബോഡിമെട്ടിലേക്കു പോകാനായി ഓട്ടോറിക്ഷ വിളിച്ചു. സെന്തിലാണു മണിക്ക് ഓട്ടോ ഏര്‍പ്പാടാക്കിക്കൊടുത്തത്. രാത്രിയോട്ടമായതിനാല്‍ സഹായിയായി ജോണ്‍ പീറ്ററും ഓട്ടോയില്‍ കയറി. അതിര്‍ത്തിയായ ബോഡിമെട്ട് ചെക്ക്‌പോസ്റ്റില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ചുരത്തില്‍ തമിഴ്‌നാട് ഭാഗത്തുള്ള മണപ്പെട്ടി ഭാഗത്തുവച്ചു ശരവണനെയും ജോണിനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇരുവരുടെയും ശിരസ്സിലും മുഖത്തുമാണു വെട്ടേറ്റത്. ഓട്ടോ സമീപത്തു കണ്ടെത്തി.

അതേസമയം, മണി മൂന്നാറിലെത്തിയത് അമ്മാവന്‍ ചെല്ലദുരൈയെ കൊല്ലാനായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തമിഴ്‌നാട്ടില്‍ കൊലപാതക കേസില്‍ പ്രതിയായതിനെ തുടര്‍ന്നു നാലു വര്‍ഷം മുന്‍പു മണി എല്ലപ്പെട്ടി എസ്റ്റേറ്റിലെത്തി ഒളിവില്‍ കഴിഞ്ഞിരുന്നു. വിവരം അറിഞ്ഞു പൊലീസ് എത്തിയെങ്കിലും രക്ഷപ്പെട്ടു. വിവരം ചോര്‍ത്തിക്കൊടുത്തതെന്ന സംശയത്തിലാണ് അമ്മാവനെ കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു.

KCN

more recommended stories