കോഴിക്കോട് എംആര്‍ വാക്‌സിന്‍ നല്‍കിയത് 24 ശതമാനം കുട്ടികള്‍ക്ക്

കോഴിക്കോട് : കോഴിക്കോട് മീസില്‍സ്-റുബല്ല വാക്‌സിനെതിരെയുള്ള വ്യാജ പ്രചാരണം ജനങ്ങുടെ ഇടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയതായി കോഴിക്കോട് ജില്ലാ കളക്ടര്‍. ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാന്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 24 ശതമാനം കുട്ടികള്‍ മാത്രമാണ് ഇതുവരെ വാക്‌സിനേഷന്‍ എടുത്തിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ആദ്യഘട്ടത്തില്‍ 2,74,000 കുട്ടികളെയാണ് മീസില്‍സ്-റുബല്ല വാക്‌സിന് കുത്തിവയ് നടത്താന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതുവരെ 1,53,000 കുട്ടികള്‍ക്ക് മാത്രമാണ് കുത്തിവയ്പ്പ് എടുത്തതെന്ന് ജില്ലാകളക്ടര്‍ യു.വി ജോസ് പറഞ്ഞു. പ്രതീക്ഷിച്ചതിന്റെ 56 ശതമാനം മാത്രമാണിത്.

7,38,694 സ്‌കൂള്‍ കുട്ടികളാണ് ജില്ലയില്‍ മൊത്തമുള്ളത്. ഇത് കൂടാതെ നാല് വയസ് വരെയുള്ള സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ കണക്ക് കൂടി പരിഗണിച്ചാല്‍ 24 ശതമാനം കുട്ടികള്‍ മാത്രമാണ് ഇതുവരെ കുത്തിവയ്പ്പ് എടുത്തിരിക്കുന്നത്. വ്യാജപ്രാരണം മൂലം ജനങ്ങള്‍ക്കുണ്ടായ തെറ്റിദ്ധാരണ മാറ്റാന്‍ പ്രത്യേക ഗ്രാമസഭകള്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതായി ബോക്ക് തലത്തിലും ജില്ലാ തലത്തിലും എക്‌സ്‌പോര്‍ട്ട് പാനലുകള്‍ രൂപീകരിച്ച് ഫോണ്‍ ഇന്‍ പ്രോഗ്രാമുകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്. കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

KCN