സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ അധ്യാപകര്‍ക്ക് രണ്ടുവര്‍ഷം അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളില്‍ സംരംഭകത്വം വളര്‍ത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പെന്ന നിലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിന് അധ്യാപകര്‍ക്ക് രണ്ടുവര്‍ഷത്തെ ശമ്പളത്തോടെയുള്ള അവധി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ െഎ.ടി വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് ഉള്‍പ്പെടുന്ന അഞ്ചംഗ വിദഗ്ധ സമിതിയാണ് അധ്യാപകരെ തെരഞ്ഞെടുക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇക്കൊല്ലം 10 അധ്യാപകരെ തെരഞ്ഞെടുക്കും. സംസ്ഥാന സാങ്കേതിക സര്‍വകലാശാല, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, എ.ഐ.സി.ടി.ഇ എന്നിവയുടെ പ്രതിനിധികള്‍, ഐ.ടി വ്യവസായമേഖലയുടെ പ്രതിനിധിയെന്ന നിലയില്‍ പ്രമുഖ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ കൊച്ചി കേന്ദ്രത്തിലെ ചീഫ് ടെക്നിക്കല്‍ ഓഫിസര്‍ ദിനേഷ് തമ്പി എന്നിവരാണ് മറ്റംഗങ്ങള്‍. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതിയെന്ന് ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞു.അധ്യാപകരുടെ പങ്കാളിത്തത്തിലൂടെ അനുഭവജ്ഞാനവും ഉത്തരവാദിത്തവും സ്റ്റാര്‍ട്ടപ്പുകളില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വിദ്യാര്‍ഥികളുമായി ചേര്‍ന്നോ സ്വന്തം നിലയിലോ അധ്യാപകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാം. സ്ഥിരം അധ്യാപകര്‍ക്കായിരിക്കും അവധിക്ക് അര്‍ഹതയുള്ളത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും അവധി. ശമ്പളമില്ലാതെയാണ് അവധിയെടുക്കുന്നതെങ്കില്‍ 50,000 രൂപ അല്ലെങ്കില്‍ വാങ്ങുന്ന ശമ്പളം എതാണോ കുറഞ്ഞത് അത് സര്‍ക്കാര്‍ നല്‍കും.സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു നിര്‍ദേശം സ്റ്റാര്‍ട്ടപ് മിഷന്‍ മുന്നോട്ടുവെച്ചതെന്ന് സി.ഇ.ഒ ഡോ. സജി ഗോപിനാഥ് അറിയിച്ചു. അവധി കഴിഞ്ഞ് തിരികെ എത്തുമ്പോള്‍ ജോലിയില്‍ പ്രവേശിപ്പിക്കുമെന്ന ഉറപ്പ് അധ്യാപകര്‍ ജോലി ചെയ്യുന്ന സ്ഥാപനം സര്‍ക്കാറിന് നല്‍കണം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗവേഷണ-വികസന ഗ്രാന്റ്, ഉല്‍പന്നനിര്‍മാണ-പരിവര്‍ത്തന ഗ്രാന്റ്, സീഡ് ഫണ്ട്, രാജ്യാന്തര വിനിമയ പരിപാടികള്‍, ബിസിനസ് സന്ദര്‍ശനങ്ങള്‍, പരിശീലനം, മന്റെറിങ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങള്‍ക്കും അധ്യാപകരുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.ആശയങ്ങള്‍ക്കുള്ള സാധ്യത വ്യക്തമാക്കുന്ന പ്രോജക്ട് റിപ്പോര്‍ട്ട് അല്ലെങ്കില്‍ ഉല്‍പന്നത്തിന്റെ ആദ്യ പ്രവര്‍ത്തന മാതൃക എന്നിവ പരിശോധിച്ചായിരിക്കും അര്‍ഹത നിശ്ചയിക്കുക. നിശ്ചിത രൂപത്തിലുള്ള അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കുമിത്.

KCN

more recommended stories