ലൈഫ്മിഷന്‍ പദ്ധതി: അര്‍ഹരായ റേഷന്‍ കാര്‍ഡില്ലാത്തവരെയും ഉള്‍പ്പെടുത്താന്‍ ആലോചിക്കും: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലൈഫ്മിഷന്‍ പദ്ധതിയില്‍ അര്‍ഹരായ റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങളെകൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുമെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ലൈഫ്മിഷന്‍ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലൈഫ്മിഷന്‍ യഥാര്‍ത്ഥ്യമാക്കുന്നുതില്‍ പ്രധാന പങ്കുവഹിക്കണം. പാതിയില്‍ ഉപേക്ഷിച്ച വീടുകള്‍ 2018 മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാന്‍ സാധിക്കണം. ഇതിന് വാര്‍ഷിക പദ്ധതിയില്‍ വിഹിതം തദ്ദേശസ്ഥാപനങ്ങള്‍ വകയിരുത്തണം. ഭൂമിയും വീടുമില്ലാത്ത 12813 കുടുംബങ്ങളും വീടില്ലാത്ത 7957 കുടുംബങ്ങളും വീട് പൂര്‍ത്തിയാക്കാത്ത 2072 കുടുംബങ്ങളും ജില്ലയിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഭൂമിയും വീടും ഇല്ലാത്തവര്‍ക്കു വേണ്ടി ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ ഭൂമി ആവശ്യമാണ്. സൗജന്യമായി ഭൂദാനത്തിന് തയ്യാറുള്ളവരുടെ വിവരങ്ങള്‍ ഈ മാസം 31 നകം ശേഖരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.
അര്‍ഹരായവര്‍ക്കെല്ലാം വീട് ലഭിക്കുമെന്ന് ഉറപ്പ് വരുത്തണം. സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, പ്രവാസികള്‍, വന്‍കിട കോര്‍പറേറ്റുകള്‍ തുടങ്ങി എല്ലാവരുടേടേയും സഹായ സഹകരണങ്ങള്‍ ഈ യജ്ഞത്തില്‍ ഉറപ്പു വരുത്തുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിര്‍ധനരായ ജനങ്ങള്‍ക്കു വേണ്ടിയുള്ള ലൈഫ്മിഷന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയാകണം. പ്രാദേശിക തല സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. നിഷ്പക്ഷവും സുതാര്യവുമായ രീതിയില്‍ അര്‍ഹരായ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.നവംബര്‍ ഒന്നിന് സംസ്ഥാന തലത്തില്‍ ലൈഫ് സ്‌കീം പ്രഖ്യാപിക്കും. നവംബര്‍ ആദ്യവാരം ജില്ലയിലും പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ 7.74 ഏക്കര്‍ ഭൂമി മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്. എല്ലാവര്‍ക്കും വീട് ലഭിക്കാന്‍ 240 ഫ്ളാറ്റ് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വിനോദ്കുമാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി.കെ.ദിലീപ്, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി. വി രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഓമന രാമചന്ദ്രന്‍, പി.രാജന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories