സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ശ്രമം: അധ്യാപകര്‍ക്കെതിരെ കേസ്

കൊല്ലം: 10-ാം ക്ലാസ് വിദ്യര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ചാടിയ സംഭവത്തില്‍ രണ്ട് അധ്യാപികമാര്‍ക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ട്രിനിറ്റി ലൈസിയം സ്‌കൂളിലെ അധ്യാപകരായ സിന്ധു, ക്രെസന്റ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ മൊഴിയെടുക്കാന്‍ കഴിയാത്തതിനാല്‍ പിതാവിന്റെ മൊഴി തിരുവനന്തപുരത്ത് കുട്ടി ചികിത്സയിലുള്ള ആശുപത്രിയിലെത്തി പൊലീസ് രേഖപ്പെടുത്തി. സ്‌കൂളിലെ സി.സി ടി.വി കാമറ ദൃശ്യങ്ങളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. എട്ടാം ക്ലാസുകാരിയായ തന്റെ ഇളയ മകളെ ശിക്ഷാ നടപടിയുടെ പേരില്‍ ആണ്‍കുട്ടികള്‍ക്കൊപ്പമിരുത്തിയതിന് സിന്ധു എന്ന അധ്യാപികക്കെതിരെ സ്‌കൂള്‍ അധികൃതരോട് പരാതി പറഞ്ഞിരുന്നെന്ന് പിതാവ് പൊലിസിനോട് പറഞ്ഞു. തുടര്‍ന്നും ഇത് ആവര്‍ത്തിച്ചതിനാല്‍ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോയ 10ാം ക്ലാസില്‍ പഠിക്കുന്ന മൂത്തമകളെ അധ്യാപകര്‍ ശകാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഇതുമൂലമുള്ള മനോവിഷമം മൂലമാണ് കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയതെന്നും പിതാവിന്റെ മൊഴിയില്‍ പറയുന്നു. മറ്റൊരു അധ്യാപികയായ ക്രെസന്റ്, സിന്ധുവിന് പിന്തുണ നല്‍കി സംസാരിക്കുകയും കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച കൊല്ലത്തെ ആശുപത്രിയില്‍ തങ്ങളോട് മോശമായി പെരുമാറിയെന്നും പിതാവ് മൊഴി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അധ്യാപകരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ സഹപാഠികളില്‍നിന്നും ദൃക്‌സാക്ഷികളില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

KCN

more recommended stories