ആംബുലന്‍സിന് വഴികൊടുക്കാതിരുന്ന സംഭവം: ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പഠനം

ആലുവ: നവജാതശിശുവുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതിരുന്ന കാര്‍ ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പഠനം. സംസ്ഥാന സര്‍ക്കാറിന്റെ എടപ്പാളിലെ ഡ്രൈവേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കാര്‍ ഡ്രൈവര്‍ പഠനത്തിനായി എത്തേണ്ടത്. വിജയകരമായി പഠനം പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മാത്രമേ ലൈസന്‍സ് സസ്പെന്റ് ചെയ്ത നടപടി മോട്ടോര്‍ വാഹന വകുപ്പ് പിന്‍വലിക്കുകയുള്ളൂ. എന്നാല്‍ ഇതിനാല്‍ കാര്‍ ഡ്രൈവര്‍ മൂന്ന് മാസത്തോളം കാത്തിരിക്കേണ്ടിയും വരും. ആലുവ ഡി.വൈ.എസ്.പി. ഓഫീസിന് സമീപം താമസിക്കുന്ന പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസിന്റെ (27) ലൈസന്‍സാണ് കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്റ് ചെയ്തത് ആംബുലന്‍സിന് വഴിമുടക്കി ഓടുന്ന കാറിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയതോടെയാണ് പോലീസും, മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തത്. വാഹനയുടമയായ നിര്‍മ്മല്‍ ജോസിന് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ഓഫീസില്‍ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ചെയ്ത തെറ്റില്‍ കുറ്റബോധമുണ്ടെന്നും മാപ്പാക്കണമെന്നും കാണിച്ച് ഇയാള്‍ അപേക്ഷയും സമര്‍പ്പിച്ചു. എന്നാല്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ലൈസന്‍സ് സസ്പെന്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പതിനഞ്ച് മിനിറ്റ് മുന്‍പ് മാത്രം ജനിച്ച കുഞ്ഞുമായി പോയ ആംബുലന്‍സിന് മുന്‍പിലാണ് കെ.എല്‍. 17 എല്‍ 202 എന്ന നമ്പറിലുള്ള നിര്‍മ്മലിന്റെ ഫോഡ് എക്കോ സ്പോര്‍ട്ട് കാര്‍ തടസമുണ്ടാക്കിയത്. കളമശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് പോവുകയായിരുന്ന ആംബുലന്‍സിന് ചുണങ്ങുംവേലി രാജഗിരി മുതല്‍ കൊച്ചിന്‍ ബാങ്ക് വരെ വഴിമാറി കൊടുക്കാന്‍ നിര്‍മ്മല്‍ തയ്യാറായില്ലെന്നാണ് കേസ്. സംഭവത്തില്‍ നേരത്തെ നിര്‍മ്മല്‍ ജോസിനെ എടത്തല പോലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

KCN

more recommended stories