വിലയിടിവും അഴുകല്‍ രോഗവും : ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍

കട്ടപ്പന : വിലയിടിവും അഴുകല്‍ രോഗവും കാരണം ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഉണങ്ങിയ ഏലക്കായയും പച്ചക്കായയും മഴയ്ക്കുശേഷം വന്‍ തോതില്‍ വിപണിയിലേക്ക് എത്തി. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ഉണങ്ങിയ ഏലക്കായ സൂക്ഷിച്ചുവെച്ചാല്‍ ഗുണനിലവാരം കുറയുമെന്നതും മികച്ച മഴ ലഭിച്ചതിനാല്‍ അടുത്ത വിളവെടുപ്പുകാലത്ത് മികച്ച വിളവ് ഏലത്തിന് ലഭിക്കുമെന്ന പ്രതീക്ഷയും വിപണിയിലേക്ക് കൂടുതല്‍ ഏലക്കായ എത്താന്‍ കാരണമായി. ഇതാണ് വില കുറയാനുള്ള കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ചരക്കുസേവന നികുതി നിലവില്‍ വന്നത് ആഭ്യന്തരവിപണിയില്‍ വ്യാപാരം കുറയാന്‍ ഇടയാക്കിയെന്ന് മൊത്തവ്യാപാരികളും പറയുന്നു. വില വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയില്‍ഏലക്കായ ഉണക്കി സൂക്ഷിക്കാന്‍ തയ്യാറെടുക്കുകയാണ് വന്‍കിട ഏലം കര്‍ഷകര്‍
അതേസമയം രണ്ടുമാസമായി ഹൈറേഞ്ചില്‍ മഴ ശക്തമായി പെയ്യുകയാണ്. ഇതേത്തുടര്‍ന്ന് ചെടികള്‍ക്ക് അഴുകല്‍ രോഗം പിടിപെട്ടിരിക്കുകയാണ്. കുമിളുകളുടെ വിത്തുകളില്‍ കൂടുതല്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നതാണ് ഇതിന് കാരണം. രോഗത്തിനുപുറമേ നിമാ വിരയുടെ ശല്യവും രൂക്ഷമാണ്. നിമാ വിരയുടെ ആക്രമണം മൂലമാണ് വേര്‍ തടിക്കുന്നതും ഇലയുടെ വലിപ്പം കുറയുന്നതും. സി.ഓ.സി മിശ്രിതം ഒരുലിറ്റര്‍ വെള്ളത്തില്‍ രണ്ട് ഗ്രാം വീതം ലയിപ്പിച്ച് ചുവട്ടില്‍ തളിക്കുകയാണ് രോഗത്തെ ചെറുക്കാനുള്ള വഴിയെന്ന് വിദഗ്ധര്‍ പറയുന്നു. സ്യൂഡോമോണസ് ചുവട്ടിലൊഴിക്കുന്നത് ഏലച്ചെടികളില്‍ രോഗം പടര്‍ന്നു പിടിക്കാതിരിക്കുവാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് ഏലത്തോട്ടങ്ങളില്‍ വിളവെടുപ്പിനായി തൊഴിലാളികളെത്തുന്നത്. തമിഴ്‌നാട്ടില്‍തൊഴിലവസരങ്ങള്‍ കൂടിയതിനാല്‍ അവിടെനിന്ന് തൊഴിലാളികളുടെ വരവു കുറഞ്ഞു. ഏലത്തോട്ടങ്ങളില്‍ പണിക്കെത്തുന്ന മറുനാട്ടുകാര്‍ക്കാവട്ടെ വിളവെടുപ്പ് അറിയുകയുമില്ല. ഇതുമൂലം ഇരുപത് ശതമാനത്തോളം വിളവ് നഷ്ടമാവുന്നതായും കര്‍ഷകര്‍ പറയുന്നു. വിളവെടുപ്പ് യന്ത്രങ്ങള്‍ അടിയന്തരമായി വികസിപ്പിക്കുവാനോ ഇറക്കുമതി ചെയ്യുവാനോ സ്‌പൈസസ് ബോര്‍ഡ് മുന്‍കയ്യെടുക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

KCN