സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദുചെയ്യണം; മെര്‍സലിനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി

ചെന്നൈ: വിജയ് ചിത്രം മെര്‍സലിനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിച്ചിരിക്കുന്നത്. അഡ്വക്കറ്റ് എ അശ്വത്മാനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഇന്ത്യയെ മോശമായി ചിത്രീകരിച്ചുവെന്നും പുതിയ നികുതി സമ്പ്രദായത്തെക്കുറിച്ച് തെറ്റായ ധാരണകള്‍ ജനങ്ങള്‍ക്ക് സമ്മാനിക്കുന്ന സംഭാഷണങ്ങളുമാണ് ചിത്രത്തിലെന്നാണ് ഹര്‍ജി.

ആരോഗ്യമേഖലയെക്കുറിച്ചും തെറ്റിദ്ധാരണകള്‍ പരത്താന്‍ മെര്‍സല്‍ ശ്രമിക്കുന്നുണ്ടെന്നും അസ്വത്മാന്‍ ചൂണ്ടിക്കാട്ടുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍( സിബിഎഫ്സി) എങ്ങനെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്, രാജ്യത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന സംഭാഷണങ്ങളാണ് ചിത്രത്തിലുടനീളം. വസ്തുതാ വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ കാണുന്നതില്‍ നിന്നും യുവാക്കളെ മാറ്റി നിര്‍ത്തേണ്ട ചുമതല സിബിഎഫ്സിക്കുണ്ടെന്നും ഹര്‍ജിയില്‍ പ്രതിപാദിക്കുന്നു.

മെര്‍സലില്‍ ബിജെപിയെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളാണ് ആദ്യം രംഗത്തെത്തിയത്. ജിഎസ്ടി, നോട്ട് നിരോധനം, കുഞ്ഞുങ്ങളുടെ മരണം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയ്ക്കെതിരെയുള്ള പരാമര്‍ശങ്ങളാണ് നേതാക്കളെ ചൊടിപ്പിച്ചത്. എന്നാല്‍ ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും പിന്തുണയുമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുള്‍പ്പെടെ തമിഴ് ചലച്ചിത്രലോകത്തെ നിരവധി പേരാണ് രംഗത്തെത്തിയത്. ചിത്രത്തിനെതിരേ ബിജെപി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളുമെത്തിയിരുന്നു.

KCN

more recommended stories