ഏത് പ്രത്യാഘാതവും അഭിമുഖീകരിക്കാന്‍ തയാറെന്ന് വിശാല്‍

ചെന്നൈ: ഇനിയും ഏത് പ്രത്യാഘാതങ്ങള്‍ വേണമെങ്കിലും അഭിമുഖീകരിക്കാന്‍തയ്യാറാണെന്ന് തമിഴ് നടന്‍ വിശാല്‍. ഈ സര്‍ക്കാരിലെ ആരെ വേണമെങ്കിലും താന്‍ വിമര്‍ശിക്കും. ആദായ നികുതി ഉദ്യോഗസ്ഥരെ ഇനിയും അയക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ വിശാലിന്റെ വീട്ടില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിശാല്‍ നിലപാട് വ്യക്തമാക്കിയത്. ആദായ നികുതി വകുപ്പ് റെയ്ഡ് നടത്താന്‍ തിരഞ്ഞെടുത്ത സമയമാണ് സംശയം ജനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മെര്‍സല്‍ സിനിമയുടെ വ്യാജ കോപ്പി കണ്ട എച്ച്. രാജക്കെതിരെ നടപടി വൈകുന്നതെന്താണെന്നും അദ്ദേഹം ചോദിച്ചു. മറ്റ് കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന ശുഷ്‌കാന്തി ഈ കാര്യത്തില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ വ്യാജ കോപ്പികള്‍ കാണുന്നത് ഉത്തരാവാദിത്തപ്പെട്ട സ്ഥാനം വഹിക്കുന്ന രാജയെ പോലൊരാള്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല. താങ്കളെങ്ങനെ മറ്റുള്ളവര്‍ക്ക് മാതൃകയാകും എന്നും വിശാല്‍ ചോദിച്ചു. മെര്‍സല്‍ സിനിമയുടെ വ്യാജ കോപ്പി താന്‍ കണ്ടു എന്ന രാജയുടെ പരസ്യ പ്രസ്താവനയെ ട്വിറ്ററിലൂടെ വിശാല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിശാലിന്റെ വീട്ടില്‍ ആദായ നികുതി വിഭാഗം പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇത് പരിശോധനയല്ലെന്നും വെറും സന്ദര്‍ശനം മാത്രമായിരുന്നുവെന്നുമാണ് വിശാല്‍ പ്രതികരിച്ചത്. ഇതൊരു രാഷ്ട്രീയ കുടിപ്പകയാണോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories