മെര്‍സല്‍ വിജയിപ്പിച്ചവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് ഇളയദളപതി

വിജയ് ചിത്രം മെര്‍സല്‍ വിവാദമായപ്പോള്‍ ചിത്രത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. രജനിയും കമല്‍ഹാസനുമടക്കമുള്ള സൂപ്പര്‍ സ്റ്റാറുകള്‍ മെര്‍സലിനെ അനുകൂലിച്ചപ്പോഴും വിജയ് പ്രതികരണമൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ ഒടുവില്‍ വിജയും പ്രതികരണമറിയിച്ചു. പത്രകുറിപ്പിലൂടെയാണ് വിജയ് മെര്‍സല്‍ വിഷയത്തില്‍ തന്റെ അഭിപ്രായവുമായെത്തിയത്. സി.ജോസഫ് വിജയ് എന്ന പേരില്‍ പുറത്തിറക്കിയ കുറിപ്പില്‍ മെര്‍സലിന്റെ വിവാദത്തിലേക്ക് കടക്കാതെ ആരാധകരെയും പ്രേക്ഷകരെയും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. വിജയുടെ വാക്കുകള്‍ ദീപാവലിക്ക് പുറത്തിറങ്ങിയ മെര്‍സല്‍ ഇപ്പോള്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ ചിലര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നുമുള്ള സുഹൃത്തുക്കള്‍, സഹനടന്മാര്‍, സംവിധായകര്‍, നടിഗര്‍ സംഘം, പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍, നേതാക്കന്മാര്‍, പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ സുഹൃത്തുക്കള്‍, എന്റെ സ്‌നേഹിതര്‍ (ആരാധകര്‍), സാധാരണക്കാര്‍, എല്ലാവരും ഒന്നിച്ച് ചേര്‍ന്ന് മെര്‍സലിന്റെ മുഴുവന്‍ ടീമിനും വേണ്ട സഹായം നല്‍കി. മെര്‍സല്‍ വിജയമാക്കി മാറ്റിയ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. പ്രതിസന്ധിഘട്ടങ്ങളില്‍ പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ വിജയ് ജി.എസ്.ടിയയെും ഡിജിറ്റല്‍ ഇന്ത്യയെയും പരിഹസിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയതോടെയാണ് മെര്‍സല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. എന്നാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശന വിജയം നേടുന്ന ചിത്രം രണ്ടാം വാരത്തില്‍ 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ വിജയ് ചിത്രത്തിന് വിജയുടെ റെക്കോര്‍ഡ് കളക്ഷന്‍ നേടുന്ന ചിത്രമാകും മെര്‍സല്‍. ദീപാവലിക്ക് റിലീസായ ചിത്രം ഇതു വരെ ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്ന് 170 കോടി രൂപ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതു വരെ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 90 കോടിയോളം രൂപ മെര്‍സല്‍ നേടിയതായാണ് റിപ്പോര്‍ട്ട്. യുഎസ്, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, മലേഷ്യ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലും മെര്‍സലിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

KCN