ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു; വാഹനാപകടങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

ദുബായ്: ജൂലൈ ഒന്നു മുതല്‍ ദുബായ് പോലിസ് നടപ്പാക്കിയ ട്രാഫിക് നിയമ പരിഷ്‌കാരങ്ങളുടെ ഫലമായി വാഹനാപകടങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചതായിരുന്നു പരിഷ്‌ക്കാരങ്ങളിലൊന്ന്. ഇതോടെ മുന്‍ മാസങ്ങളേക്കാള്‍ വാഹനാപകടങ്ങള്‍ 25 ശതമാനം കണ്ട് കുറഞ്ഞതായി ദുബായ് പോലിസ് അറിയിച്ചു. അതിവേഗതയില്‍ ഓടുന്ന വാഹനങ്ങള്‍ പെട്ടെന്ന് വെട്ടിക്കുന്ന സംഭവങ്ങള്‍ 75 ശതമാനം കുറഞ്ഞു.

ജൂലൈ ഒന്നിനു മുമ്പുള്ള മൂന്നുമാസങ്ങളില്‍ ഇത്തരം ട്രാഫിക് ലംഘനം 20,446 എണ്ണം റെക്കോഡ് ചെയ്തതെങ്കില്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വന്നതിനു ശേഷമുള്ള മൂന്നു മാസങ്ങളില്‍ അത് 5,006 ആയി കുറഞ്ഞു. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ ആകെ 830,279 ഗതാഗത നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ട്രാഫിക് വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. ട്രാഫിക് ചിഹ്നങ്ങളും സൈന്‍ ബോര്‍ഡുകളും അവഗണിച്ചതുമായി ബന്ധപ്പെട്ട നിയമലംഘനം മാത്രമാണ് ഈ കാലയളവില്‍ കൂടിയത്.
നേരത്തേ ഇത് 6781 ആയിരുന്നത് 20,743 ആയി വര്‍ധിച്ചു. വാഹനം ഓടിക്കുമ്പോഴുള്ള മര്യാദകള്‍ പാലിക്കാത്ത കേസുകളിലും ഈ കാലയളവില്‍ കുറവുണ്ടായി. 113,855ല്‍ നിന്ന് 73,076 ആയി കുറഞ്ഞു. ട്രാഫിക് തടസ്സങ്ങളുണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസുകള്‍ നേരത്തേ 94,000 ആയിരുന്നത് 65,919 ആയി കുറയ്ക്കാനായി. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിച്ചതും കൂടുതല്‍ ഫൈന്‍ ഈടാക്കിയതുമാണ് ഇത്തരമൊരു നല്ല മാറ്റത്തിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമപരിഷ്‌കരണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ പൊടുന്നനെ ടേണ്‍ ചെയ്താലുള്ള ഫൈന്‍ 100 ദിര്‍ഹമില്‍നിന്ന് 1000 ദിര്‍ഹമായി ഉയര്‍ത്തിയിരുന്നു. വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലുള്ള പിഴ 100ല്‍ നിന്ന് 800 ദിര്‍ഹമാക്കിയാണ് കൂട്ടിയത്. വരും ദിനങ്ങളില്‍ ട്രാഫിക് നിയമലംഘനങ്ങളിലും അപകടങ്ങളിലും കൂടുതല്‍ കുറവുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ദുബായ് ട്രാഫിക് വിഭാഗം.

KCN

more recommended stories