ഐ.എസ്.എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍; ഫൈനല്‍ കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിന് അരങ്ങുണരും മുന്‍പേ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരം കൊച്ചിയിലേക്കു മാറ്റി. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കേരളാ ബ്ലാസ്റ്റേഴ്‌സും എ.ടി.കെ കൊല്‍ക്കത്തയും തമ്മില്‍ നവംബര്‍ 17നു രാത്രി നടക്കേണ്ട മത്സരമാണ് കൊച്ചിയിലേക്കു മാറ്റിയത്. ഇക്കാര്യം ഐ.എസ്.എല്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഐ.എസ്.എല്‍ സെമിഫൈനല്‍, ഫൈനല്‍ വേദികള്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഇത്തവണ ഐ.എസ്.എല്‍ ഫൈനല്‍ കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചതോടെയാണ് ഉദ്ഘാടന മത്സരം കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഐ.എസ്എല്‍ മാമാങ്കത്തിന്റേയും കലാശപ്പോര് കൊല്‍ക്കത്തയ്ക്കു ലഭിക്കുന്നത്. ഇതാദ്യമായാണ് കൊല്‍ക്കത്ത ഐ.എസ്.എല്‍ ഫൈനലിന് വേദിയാകുന്നത്.

ഇതോടെ, 2018 ഫെബ്രുവരി 9ന് കൊച്ചിയില്‍ നടക്കേണ്ട മല്‍സരത്തിന്റെ വേദി കൊല്‍ക്കത്തയിലേക്കും മാറും. ഉദ്ഘാടന മല്‍സരം കൊച്ചിയില്‍ നടക്കുന്നതിനാല്‍ കൊല്‍ക്കത്തയുമായുള്ള രണ്ടാം പോരാട്ടം എവേ മൈതാനത്താണ് നടക്കേണ്ടത്. അതിനാലാണ് ഈ മാറ്റം.

KCN

more recommended stories