ഐഎസ്എല്‍ നാലാം സീസണിന് പന്തുരുളാന്‍ ഇനി നിമിഷങ്ങള്‍ മാത്രം

കൊച്ചി: ഐഎസ്എല്‍ നാലാം സീസണിന് പന്തുരുളാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് അമര്‍ തൊമര്‍ കൊല്‍ക്കത്തയെ നേരിടും. ബ്ലാസ്റ്റേഴ്‌സിന്റെ കളിത്തൊട്ടിലായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഐഎസ്എല്‍ നാലാം സീസണിന് തിരിതെളിയിക്കുക. ബോളീവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് എന്നിവരടങ്ങുന്ന വന്‍നിരയാണ് ഉദ്ഘാടന വേദിയിലെത്തിയത്. രാവിലെ മുതല്‍ കൊച്ചിയിലേക്ക് മഞ്ഞക്കടലായി ആരാധകര്‍ ഒഴുകിയെത്തുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നര മണി മുതലാണ് സ്റ്റേഡിയം ആരാധകര്‍ക്കായി തുറന്നുകൊടുത്തത്. പക്ഷെ ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയിലായിരുന്നു ഭൂരിപക്ഷം ആരാധകരും. കലിപ്പടങ്ങാതെ അവര്‍ ടിക്കറ്റ് കൗണ്ടര്‍ അടിച്ചുതകര്‍ത്തു.

അറബിക്കടലിന്റെ റാണി വീണ്ടും പീതശോഭയില്‍ ആറാടുകയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം കാല്‍പ്പന്തുകളിയുടെ സൗന്ദര്യം വീണ്ടും കൊച്ചിയുടെ കളിമുറ്റത്തെ പുണര്‍ന്നിരിക്കുന്നു. കേരളത്തില്‍ ഇത് മണ്ഡലമാസമാണ്. വ്രതശുദ്ധിയുടെ നിറവില്‍ ശരണമന്ത്രങ്ങള്‍ ഹൃദയത്തിലേറ്റി കറുപ്പണിഞ്ഞ് ഭക്തര്‍ കഴിയുന്ന കാലം. കാല്‍പ്പന്തുകളിയുടെ ഭക്തര്‍ കൊച്ചിയില്‍ മഞ്ഞയണിഞ്ഞ് ഐഎസ്എല്‍ ആവേശത്തിന്റെ നിറവില്‍ കലിപ്പടക്കണം, കപ്പടിക്കണം എന്ന മന്ത്രവുമുരുവിട്ട് മഞ്ഞയണിഞ്ഞ് കൊച്ചിയുടെ മടിത്തട്ടില്‍ കഴിയുന്ന കാലം കൂടിയാണ് ഇനിയുള്ള നാളുകള്‍.

മൂന്ന് സീസണുകള്‍ പിന്നിടുമ്‌ബോള്‍ രണ്ട് ഫൈനലുകള്‍ കളിച്ച ടീമെന്ന നേട്ടവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. എന്നാല്‍ മൂന്ന് സീസണുകളില്‍ രണ്ട് കിരീടങ്ങള്‍ നേടിയ ടീമെന്ന ഖ്യാതിയുമായാണ് കൊല്‍ക്കത്തയുടെ വരവ്. ഒന്നാമത്തെയും മൂന്നാമത്തെയും സീസണുകളിലായിരുന്നു രണ്ട് ടീമുകളും ഫൈനലിലെത്തിയത്. രണ്ട് തവണയും കേരളം കലാശപ്പോരില്‍ കീഴടങ്ങിയപ്പോള്‍ കൊല്‍ക്കത്ത കിരീടമുയര്‍ത്തി മടങ്ങി.

KCN