ഡങ്കിപ്പനി ബാധിച്ച് 15 ദിവസം കിടന്ന് ഏഴുവയസ്സുകാരി മരിച്ചു ; ആശുപത്രി ബില്ല് 16 ലക്ഷം ; ഗൗണിനും വരെ ബില്ലിട്ടു…

ന്യൂഡല്‍ഹി: ഡങ്കിപ്പനിബാധിച്ച് ഏഴുവയസ്സുകാരി മരിച്ച കുടുംബത്തിന് ലക്ഷങ്ങള്‍ ബില്ലിട്ട് ആശുപത്രിയുടെ പീഡനം. അത്യാസന്ന നിലയിലായതിനെ തുടര്‍ന്ന് 15 ദിവസം ഐസിയു വില്‍ കിടത്തിയതിന് 16 ലക്ഷം രൂപ ബില്ലിട്ട് ഗുര്‍ഗോണിലെ ഫോര്‍ട്ടീസ് മെമ്മോറിയല്‍ റിസര്‍ച്ച ഇന്‍സ്റ്റിറ്റ്യൂട്ടാണ് വിവാദത്തില്‍ തലയിട്ടിരിക്കുന്നത്. ഫോര്‍ട്ടീസില്‍ നിന്നും റോക്ക്‌ലാന്റ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയില്‍ കുഞ്ഞ് മരിക്കുകയും ചെയ്തു.

സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്‍ വിവാദമുണ്ടാക്കുന്നതിനിടയില്‍ വിഷയത്തില്‍ ഇടപെടാമെന്ന കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉറപ്പ് നല്‍കിയിരിക്കുകയാണ്. അതേസമയം തങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി ഫോര്‍ട്ടീസ് സമ്മതിച്ചിട്ടില്ല. ആദ്യ സിംഗ് എന്ന രോഗിക്ക് തങ്ങള്‍ മികച്ച രീതിയില്‍ തന്നെ വൈദ്യശാസ്ത്രം അനുശാസിക്കുന്ന എല്ലാ സംവിധാനങ്ങളും നല്‍കിയെന്നാണ് ആശുപത്രി പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായതും വിശദമായതുമായ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്നാണ് ഫോര്‍ട്ടീസ് പറഞ്ഞിരിക്കുന്നത്. മകളെ നഷ്ടമായ പിതാവിന്റെ ഒരു സുഹൃത്ത് ട്വിറ്ററില്‍ വിവരം നവംബര്‍ 17 ന് പോസ്റ്റ് ചെയ്തത് മുതലാണ് വിവാദം തുടങ്ങിയത്.

15.79 ലക്ഷമാണ് ആശുപത്രി ബില്ലിട്ടിരിക്കുന്നത്.” തന്റെ കൂട്ടുകാരില്‍ ഒരാളുടെ ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരിയായ മകളെ ചികിത്സിച്ചതിന് 2,700 കയ്യുറകള്‍ ഉള്‍പ്പെടെ 15 ദിവസത്തേക്ക് ഫോര്‍ട്ടീസ് ആശുപത്രി 18 ലക്ഷമാണ് ബില്ല് ചെയ്തത്. കുഞ്ഞ് അവസാനം മരിക്കുകയും ചെയ്തു. അഴിമതിയല്ലേ?” എന്ന ഇദ്ദേഹത്തിന്റെ ട്വീറ്റ് നാലു ദിവസം കൊണ്ട് 9,000 തവണയാണ് റീ ട്വീറ്റ് ചെയ്യപ്പെട്ടത്. ഇതിന് ആരോഗ്യമന്ത്രിയുടെ പ്രതികരണം തേടിയുള്ള ട്വീറ്റ് വരെയുണ്ടായിരുന്നു. ഇതിന് വിശദാംശങ്ങള്‍ അറിയിക്കൂ നടപടിയെടുക്കാം എന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രിയും ട്വീറ്റ് ചെയ്യുകയായിരുന്നു. ആശുപത്രി തന്നെ തെറ്റിദ്ധരിപ്പിച്ചതായും മറ്റൊരാള്‍ക്കും ഇതേഗതി ഒരു ആശുപത്രിയില്‍ നിന്നും ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പിതാവും വ്യക്തമാക്കി. ബില്ല് അടയ്ക്കാനായി അഞ്ചുലക്ഷം രൂപ വായ്പയെടുത്തിയ ഇയാള്‍ സ്വന്തം സമ്ബാദ്യങ്ങള്‍ക്ക് പുറമേ ബന്ധുമിത്രാദികളുടെ സാമ്ബത്തിക സഹായവും സ്വീകരിച്ചിരിക്കുകയാണ്.

രണ്ടാം ക്‌ളാസ്സുകാരിയായ ആദ്യയ്ക്ക് ആഗസ്റ്റ് 27 നായിരുന്നു പനി പിടിച്ചത്. കുടുംബം ദ്വാരകയിലെ റോക്ക്‌ലാന്റ് ആശുപത്രിയിലേക്കായിരുന്നു ആദ്യം കൊണ്ടുപോയത്. അസുഖം കുറയാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ഡങ്കിപ്പനിയാണെന്ന് കണ്ടെത്തി. ആരോഗ്യനില മോശമാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഏതെങ്കിലും വലിയ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 31 ന് ഗുര്‍ഗോണിലെ ഫോര്‍ട്ടിസിലേക്ക് കൊണ്ടുപോയത്. ഇവിടെ ചികിത്സിച്ചിട്ടും ഫലം കാണാതെ വന്നതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പത്തു ദിവസത്തോളം ഇവിടെ കിടന്നപ്പോള്‍ ആശുപത്രി ബില്ല് കുത്തനെ കൂടുകയായിരുന്നു. 660 സിറിഞ്ചിന്റെയും 1,600 കയ്യുറകളുടെയും വില പോലും ബില്ലില്‍ ഉണ്ടായി. ചില ആന്റിബയോട്ടിക്കുകളും ഷുഗര്‍ട്രിപ്പുകളും ഉപയോഗിച്ചോ എന്ന് പോലും സംശയമുണ്ടെന്ന് കുടുംബം ആരോപിച്ചു.

സെപ്തംബര്‍ 14 ന് എംആര്‍ഐ സ്‌കാനില്‍ തലച്ചോറില്‍ കാര്യമായ തകരാര്‍ വന്നതായി കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ കൈവിട്ടു. ഇതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ വീട്ടുകാര്‍ തീരുമാനം എടുക്കുകയും ആംബുലന്‍സ് പോലും ഏര്‍പ്പാടാക്കുകയും ചെയ്‌തെങ്കിലും ഡോക്ടര്‍മാര്‍ മാറ്റാന്‍ അനുവദിച്ചില്ല. കുട്ടിക്ക് ഉപയോഗിച്ച ഗൗണിന് പോലും ബില്ല് ഈടാക്കിയെന്നും പിതാവ് പറയുന്നു. സെപ്തംബര്‍ 14 നും 15 നും ഇടയില്‍ അര്‍ദ്ധരാത്രിയിലാണ് ആദ്യ മരണമടഞ്ഞത്.

വിവിധ ഐറ്റങ്ങള്‍ വിശദീകരിച്ച് ഇരുപത് പേജോളം വരുന്ന ബില്ലാണ് കുഞ്ഞിനെ മാറ്റുന്ന നേരത്ത് ആശുപത്രിയില്‍ നിന്നും കിട്ടിയത്. കുട്ടിയെ ഗുരുതരമായ നിലയില്‍ പാര്‍പ്പിച്ചിരുന്നത് പീഡിയാട്രിക് ഐസിയുവില്‍ ആണെന്നും ചികിത്സയ്ക്ക് വേണ്ടി മെക്കാനിക്കല്‍ വെന്റിലേഷന്‍, ഹൈ ഫ്രീക്വന്‍സി വെന്റിലേഷന്‍, തുടര്‍ച്ചയായുള്ള വൃക്ക സംബന്ധമായ തെറാപ്പി, ആന്റിബയോട്ടിക്കുകള്‍, മയങ്ങാനും വേദനസംഹാരിയുമായ മരുന്നുകള്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം ചെയ്‌തെന്നാണ് വിശദമായ ബില്ലില്‍ പറഞ്ഞിരിക്കുന്നത്.

KCN

more recommended stories