ദിലീപിനെതിരെ മഞ്ജു വാര്യര്‍ പ്രധാന സാക്ഷി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ മഞ്ജു വാര്യര്‍ പ്രധാന സാക്ഷി. കേസിലെ കുറ്റപത്രം ഇന്ന് ഉച്ചയ്ക്ക് സമര്‍പ്പിക്കും. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന സംബന്ധിച്ച കുറ്റപത്രമാണ് പ്രത്യേക അന്വേഷണസംഘം തയാറാക്കിയിരിക്കുന്നത്. ആകെ 11 പ്രതികളുളള അന്തിമ റിപ്പോര്‍ട്ടില്‍ ദിലീപ് എട്ടാം പ്രതിയാണ്. ആദ്യ കുറ്റപത്രത്തിലെ ഏഴ് പ്രതികളെ അതേപടി നിലനിര്‍ത്തും. കൃത്യം നടത്തിയവരും ഒളിവില്‍ പോകാന്‍ സഹായിച്ചവരുമാണ് ആദ്യകുറ്റപത്രത്തിലുളളത്. ദിലീപ് , അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു എന്നിവരെയാണ് പുതുതായി അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്.
ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കേസിനെ അത് കൂടുതല്‍ സങ്കീര്‍ണമാക്കും എന്ന വിലയിരുത്തലിലാണ് എട്ടാം പ്രതിയാക്കിയത്. നേരത്തെ ചുമത്തിയ ഗൂഡാലോചന, കൂട്ടബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങള്‍ അടക്കം പതിനേഴോളം വകുപ്പുകള്‍ ദിലീപിനിതെരെ കുറ്റപത്രത്തിലും ചുമത്തിയിട്ടുണ്ട്. ദിലീപും സുനിയും മാത്രമാണ് ഗൂഡാലോചനയില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് കണ്ടെത്തല്‍. സിനിമാ മേഖലയില്‍ നിന്നുളള പ്രമുഖരടക്കം മൂന്നൂറ്റമ്പതോളം പേരെ കേസില്‍ സാക്ഷികളാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ രേഖകളടക്കം 450 രേഖകള്‍ തെളിവായി ഹാജരാക്കുന്നുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

KCN

more recommended stories