ജിദ്ദയില്‍ കനത്ത മഴ: രണ്ടുമരണം

ജിദ്ദ: ചൊവ്വാഴ്ച പെയ്ത കനത്ത മഴയില്‍ സൗദിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ജനജീവിതം സ്തംഭിച്ചു. രാവിലെ മുതല്‍ ജിദ്ദയില്‍ മഴ തുടങ്ങിയതോടെ നഗരപാതകളില്‍ വെള്ളപ്പൊക്കമുണ്ടായി. വാഹനങ്ങളിലും കടകളിലും ഗോഡൗണുകളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് രാവിലെ മുതല്‍ ഉണ്ടായത്. 481 പേരെ സിവില്‍ ഡിഫന്‍സ് വിവിധയിടങ്ങളില്‍ രക്ഷപ്പെടുത്തി എന്നാണ് വൈകുന്നേരം വരെയുള്ള കണക്ക്.181 പേര്‍ക്ക് ഷോക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഒരാള്‍ ഷോക്കേറ്റ് മരിച്ചതായും, മറ്റൊരാള്‍ വീട് തകര്‍ന്ന് മരിച്ചതായും പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. 2000ത്തോളം പേര്‍ രക്ഷാസേനയുടെ സഹായം തേടി. വെള്ളക്കെട്ടിനെ തുടര്‍ന്ന് ജിദ്ദ- മക്ക എക്‌സ്പ്രസ് ഹൈവേയില്‍ ഗതാഗതം തടഞ്ഞു. നഗരത്തിലെ തുരങ്കങ്ങളില്‍ വെള്ളം നിറഞ്ഞുകവിഞ്ഞു.ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് എത്തിപ്പെടാനാവാത്തതിനാല്‍ പലരുടെയും വിമാനയാത്ര മുടങ്ങി. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തിരിച്ചുകൊടുക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. യാത്രികരും പൈലറ്റുമാരും വൈകിയതിനാല്‍ പല വിമാനങ്ങളും പുറപ്പെടാന്‍ ൈവകി. ജിദ്ദ തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്നു. വിമാനത്താവളത്തിലെ കാലാവസ്ഥ നിരീക്ഷണ ഉപകരണം ഇടിമിന്നലില്‍ തകരാറിലായെങ്കിലും പിന്നീട് ശരിയാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും അവധി പ്രഖ്യാപിച്ചതിനാലാണ് അത്യാഹിതങ്ങള്‍ ഒഴിവായത്. സൗദി സമയം ഉച്ചക്ക് മൂന്നു മണിയോടെ മഴ താഇഫ് ഭാഗത്ത് ശക്തമായി. ജനങ്ങള്‍ വീടുവിട്ടിറങ്ങരുതെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. മക്ക, മദീന, യാംബു എന്നിവിടങ്ങളിലും ശക്തമായ മഴയാണുണ്ടായത്. ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നും ജാഗ്രത വേണമെന്നും അധികൃതര്‍ തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.വലിയ മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്.

KCN

more recommended stories