കൊച്ചി ആവേശത്തില്‍; രണ്ടാം ഹോംമാച്ചിന് മിനുട്ടുകള്‍ മാത്രം ബാക്കി

കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം മത്സരവും ഹോം ഗ്രൗണ്ടില്‍ ആയതിന്റെ ആവേശത്തിലും ആരാധകരുടെ മനസില്‍ ചെറിയ ആശങ്കയുണ്ട്. എതിരാളികള്‍ ചില്ലറക്കാരല്ല. ഒരുപക്ഷേ കൊല്‍ക്കത്തയേക്കാള്‍ അപകടകാരികള്‍ എന്നുവിശേഷിപ്പിക്കാവുന്ന ജംഷഡ്പൂര്‍ എഫ്സിയാണ് നേര്‍ക്കുനേര്‍ എത്തുന്നത്. ബ്ലാസ്റ്റേഴ്സിനോട് കട്ടയ്ക്ക് നില്‍ക്കുന്ന താരനിരയ്ക്ക് പുറമെ മറ്റൊരാളാണ് ജംഷഡ്പൂര്‍ ടീമിന്റെ യഥാര്‍ഥ താരം. അത് മറ്റാരുമല്ല, കോപ്പലാശാന്‍ എന്ന് മലയാളി വിളിക്കുന്ന സ്റ്റീവ് കോപ്പല്‍.

കഴിഞ്ഞ മത്സരത്തില്‍ അമ്പേ പരാജയമായ മധ്യനിര ഉറക്കം വെടിഞ്ഞാലേ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ. ഫുട്ബോള്‍ മാന്ത്രികന്‍ ബെര്‍ബറ്റോവും എന്തിനും പോന്ന ഇയാന്‍ ഹ്യൂമും അസാമാന്യ പ്രതിഭ സിഫിനിയോസും അടങ്ങിയ മുന്നേറ്റനിരയ്ക്ക് പന്ത് എത്തിച്ചുകൊടുക്കേണ്ടത് മധ്യനിരയാണ്. പ്രതിരോധം ഉറച്ചതാണെന്ന് കഴിഞ്ഞ കളിയില്‍ ബ്ലാസ്റ്റേഴ്സ് തെളിയിച്ചുവെങ്കിലും ഗോള്‍കീപ്പറേക്കൊണ്ട് അത്ര പണിയെടുപ്പിച്ചത് പ്രതിരോധത്തേയും സംശയത്തിന്റെ നിഴലിലാക്കുന്നു.

കഴിഞ്ഞ കളിയിലെ ഒഴിവുകഴിവുകള്‍ ഇന്നത്തെ കളിയിലും ടീമിന് പറയാനാവില്ല. റെനെ മ്യൂലന്‍സ്റ്റീന്‍ പറഞ്ഞതുപോലെ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത് ആരാധകരിലെ ആവേശം ചോര്‍ത്താതിരിക്കാനാണ് ബ്ലാസ്റ്റേഴ്സ് ആദ്യം ശ്രദ്ധിക്കേണ്ടത്. ടീമിലെ പന്ത്രണ്ടാമനായ കാണികള്‍തന്നെയാണ് ടീമിനെ വേറിട്ട് നിര്‍ത്തുന്നതും.
കളി നടക്കുന്ന കലൂരില്‍ ആവേശം അലതല്ലുകയാണ്. ഫുട്ബോള്‍ പ്രമാണിച്ച് വൈകിയും ഓടുന്ന മെട്രോ ആരാധകര്‍ക്ക് തുണയാകും. പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ ടീം മാനേജ്മെന്റും ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. സ്റ്റേഡിയത്തില്‍ ടിക്കറ്റുകള്‍ ലഭിക്കാത്തത് കുറച്ചുപേരെയെങ്കിലും നിരാശരാക്കുന്നുണ്ട്.

KCN