ഗോളടിക്കാന്‍ മറന്ന് ബ്ലാസ്റ്റേഴ്സ്, വീണ്ടും സമനില

കൊച്ചി: നിറഞ്ഞുകവിഞ്ഞ കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. ഐ.എസ്.എല്ലില്‍ തുടക്കക്കാരായ ജംഷേദ്പുരാണ് ബ്ലാസ്റ്റേഴ്‌സിനെ സ്വന്തം തട്ടകത്തില്‍ സമനിലയില്‍ തളച്ചത്. മത്സരത്തില്‍ ഗോള്‍ അകന്നുനിന്നെങ്കിലും മികച്ച മുന്നേറ്റങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് മികവുകാട്ടി. കൂടുതല്‍ സമയവും പന്ത് ബ്ലാസ്റ്റേഴ്‌സിന്റെ കൈവശമായിരുന്നെങ്കിലും ഗോളിനായുള്ള നീക്കങ്ങളൊന്നും ഫലം കണ്ടില്ല.

ഒമ്പതാം മിനിറ്റിലാണ് കേരളത്തിന് ഗോളെന്നുറപ്പിച്ച ആദ്യ അവസരം ലഭിച്ചത്. സി.കെ. വിനിതിന്റെ ഹെഡര്‍ ചെറിയ വ്യത്യാസത്തിലാണ് പോസ്റ്റിന് മുകളിലൂടെ പോയത്. പോസ്റ്റിന് മുന്നില്‍ മിന്നല്‍ സേവുകളുമായി കളം നിറഞ്ഞ ഗോളി പോള്‍ റച്ചുബ്ക്ക ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിലേറെ തവണ രക്ഷപ്പെടുത്തി. സന്തോശ് ജിങ്കന്‍ നയിച്ച പ്രതിരോധ കോട്ട തകര്‍ക്കാന്‍ ജംഷേദ്പുര്‍ മുന്നേറ്റനിര നന്നായി വിയര്‍പ്പൊഴുക്കിയെങ്കിലും പ്രതിരോധകോട്ട തകരാതെ നിന്നു. അതേസമയം ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ രണ്ടാം സമനില മുന്നോട്ടുള്ള യാത്രയില്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായേക്കും.

മുഴുവന്‍ സമയവും കളം നിറഞ്ഞ് കളിച്ച ജംഷേദ്പുരിന്റെ മെഹ്താബ് ഹുസൈനാണ് കളിയിലെ താരം. രണ്ടു സമനിലയോടെ രണ്ടു പോയന്റുമായി നിലവില്‍ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. അത്രതന്നെ പോയന്റുള്ള ജംഷേദ്പുര്‍ അഞ്ചാം സ്ഥാനത്തും.ഇനി കൊച്ചിയില്‍ ഡിസംബര്‍ മൂന്നിന് മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ബ്ലാസ്റ്റേഴ്‌സില്‍ ഒരു മാറ്റം മാത്രം. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച മിലന്‍ സിങ്ങിനെ സൈഡ് ബെഞ്ചിലേക്ക് മാറ്റി ജാക്കിചന്ദ് സിങ്ങിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.

KCN

more recommended stories