ഐ ലീഗില്‍ ആദ്യ ജയം തേടി ഗോകുലം എഫ്.സി

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ആദ്യജയം മോഹിച്ച് ഗോകുലം എഫ്.സി. കേരള സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങും. ആദ്യ ഹോം മത്സരത്തില്‍ ചെന്നൈ സിറ്റി എഫ്.സി.യാണ് കേരള ടീമിന്റെ എതിരാളി. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് കിക്കോഫ്.

ആദ്യമത്സരത്തില്‍ തോല്‍വിനേരിട്ടാണ് ഇരുടീമുകളും കളിക്കാനിറങ്ങുന്നത്. എവേ മത്സരത്തില്‍ ഷില്ലോങ് ലജോങ്ങിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം അടിയറവുപറഞ്ഞത്. ഷില്ലോങ്ങിലെ പത്തു ഡിഗ്രിക്കു താഴെയുള്ള കാലാവസ്ഥയില്‍ കളിച്ചാണ് ടീം ലജോങ്ങിനോട് തോറ്റത്.

സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങുമ്പോള്‍ ഐ ലീഗിലെ കന്നിജയമെന്ന പ്രലോഭനവും ടീമിനുമുന്നിലുണ്ട്. ആദ്യമത്സരത്തില്‍ കളിച്ച ടീമില്‍നിന്ന് കാര്യമായ മാറ്റങ്ങളുണ്ടാകില്ല. പ്രതിരോധത്തില്‍ പരിക്കേറ്റ നൈജീരിയന്‍ താരം ഇമ്മാനുവലിന് പകരം ഉസ്‌ബെക്കിസ്താന്‍ താരം ഉര്‍നോവ് ഗുലോം കളിച്ചേക്കും. നായകന്‍ സുഷാന്ത് മാത്യു, പ്രവോത് ലാക്ര, ഘാനക്കാരന്‍ ഡാനിയേല്‍ അഡോ എന്നിവരും അണിനിരക്കും.

മധ്യനിരയില്‍ മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് റാഷിദ്, സിറിയക്കാരന്‍ ഖാലിദ് അല്‍ സാലെ, ആരിഫ് ഷെയ്ഖ് എന്നിവര്‍ ആദ്യഇലവനിലുണ്ടാകും. മുന്നേറ്റത്തില്‍ ഐവറി കോസ്റ്റുകാരന്‍ ബായി കാമോയും കോംഗോതാരം ലെലോ എംബാലെയും കളിക്കും.

നാല് മലയാളിത്താരങ്ങളുടെ കരുത്തിലാണ് ചെന്നൈ കളിക്കാനിറങ്ങുന്നത്. ആദ്യകളിയില്‍ ഇന്ത്യന്‍ ആരോസിനോട് മൂന്നു ഗോളിനാണ് ടീം തോറ്റത്. മലയാളി താരം സുസേരാജ്, എഡ്വിന്‍, ക്ലിനു, ഷാജി എന്നിവരാണ് ടീമിലെ മലയാളികള്‍.

മുന്നേറ്റത്തില്‍ കിര്‍ഗിസ്താന്‍ താരം ഇല്‍ദര്‍ അമിറോവ്-ഫ്രഞ്ച്താരം ഴാങ് മൈക്കല്‍ ജോക്കീം സഖ്യമാകും ഗോകുലത്തിന് ഭീഷണി. പകരക്കാരനായി നൈജീരിയന്‍താരം ലക്കി ഖേലേചുക് വു കളിക്കും. ഘാനക്കാരന്‍ ബാഫി ജാക്‌സനാണ് മധ്യനിരയുടെ നിയന്ത്രണം പ്രതിരോധത്തിന് ധര്‍മരാജ് രാവണന്‍ നേതൃത്വം നല്‍കും. 2010-11 സീസണിനുശേഷം ആദ്യമായിട്ടാണ് കോഴിക്കോട് ഐ ലീഗ് ഫുട്‌ബോളിന് ആതിഥ്യംവഹിക്കുന്നത്.

KCN

more recommended stories