ലങ്കയ്ക്ക് ലക്ഷ്യം 410 റണ്‍സ്: മൂന്ന് വിക്കറ്റ് നഷ്ടമായി

ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്‌ലയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക അവസാന ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 410 റണ്‍സ് വിജയലക്ഷ്യം. നാലാം ദിനം ഇന്ത്യ 246 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അതേസമയം മറുപടി ബാറ്റിനിറങ്ങിയ ലങ്കക്ക് 31 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. കരുണരത്‌ന(13), സമരവിക്രമ(5), ദനഞ്ജയ ഡെ സില്‍വ(13) എന്നിവരാണ് പുറത്തായത്. ഡല്‍ഹിയിലും ഇന്ത്യ ജയത്തിലേക്ക് നീങ്ങുന്ന തരത്തിലാണ് കളി നീങ്ങുന്നത്.മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ അര്‍ധ സെഞ്ച്വറി തികച്ച ഇന്നിങ്‌സിന്റെ കരുത്തില്‍ ഇന്ത്യ ലീഡ് 409 റണ്‍സാണ് വിജയലക്ഷ്യമായി ഉയര്‍ത്തിയത്. നാലാം ദിനം ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇന്ത്യന്‍ താരങ്ങള്‍ ലീഡ് ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു. ശിഖര്‍ ധവാന്‍ (67), വിരാട് കോഹ്‌ലി(50), രോഹിത് ശര്‍മ (50) എന്നിവരോടൊപ്പം ചേതേശ്വര്‍ പുജാരയുടെ 49 റണ്‍സും ചേര്‍ന്നതോടെ സ്‌കോര്‍ അതിവേഗത്തില്‍ ഇരുന്നൂറ് കടന്നു. ചായക്ക് പിരിയുമ്പോള്‍ 192 ന് നാല് എന്ന നിലയിലായിരുന്ന ഇന്ത്യക്ക് സ്‌കോര്‍ 234 ല്‍ എത്തി നില്‍കവേ നായകന്‍ വിരാട് കോഹ്‌ലിയെ നഷ്ടമായി.

തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയും (4) രോഹിത് ശര്‍മയും (50) പുറത്താവാതെ നിന്ന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് നിര്‍ണായകമായ 77 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. വിരാട് കോഹ്ലിയും രോഹിത്തും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 90 റണ്‍സും കൂട്ടിച്ചേര്‍ത്തു.ലങ്കക്ക് വേണ്ടി സുരങ്ക ലക്മല്‍, ലാഹിരു ഗാമേജ്, ദില്‍റുവാന്‍ പെരേര, ധനഞ്ജയ ഡിസില്‍വ, ലക്ഷന്‍ സന്‍ഡകന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളെടുത്തു.നാലാം ദിനം 359 ന് ഒമ്പത്എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ലങ്കന്‍ ഇന്നിങ്‌സിന് അല്‍പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 164 റണ്‍സെടുത്ത് ഇന്ത്യക്ക് തലവേദന സൃഷ്ടിച്ച ദിനേശ് ചണ്ഡിമലിനെ ഇശാന്ത് ശര്‍മ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ച് ലങ്കന്‍ പോരാട്ടം 373 ന് അവസാനിപ്പിക്കുകയായിരുന്നു.
വിരാട് കോഹ്‌ലിയുടെ ഇരട്ടസെഞ്ച്വറിക്കും മുരളി വിജയുടെ സെഞ്ച്വറിക്കും മറുപടിയായി ഒന്നാമിന്നിങ്‌സില്‍ ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമലും(164) എയ്ഞ്ചലോ മാത്യൂസും(111) തിരിച്ചടിച്ചപ്പോള്‍ ശ്രീലങ്കന്‍ ക്യാമ്പ് അല്‍പമൊന്നു ആശ്വസിച്ചിരുന്നു. എന്നാല്‍, നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്ത 181 റണ്‍സിന്റെ കൂട്ടുകെട്ടിന് ഇന്ത്യന്‍ റണ്‍മല താണ്ടാനായില്ല.മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0 ത്തിന് മുമ്പിലാണ്. ഇന്ത്യക്ക് വേണ്ടി ഇശാന്ത് ശര്‍മയും അശ്വിനും മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതവുമെടുത്തു.

KCN

more recommended stories