ഓഖി ചുഴലിക്കാറ്റ്: മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപടികളും മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തന്റെ ക്ഷണപ്രകാരമാണെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. മന്ത്രിസഭായോഗം തീരുമാനിച്ച നഷ്ടപരിഹാര പാക്കേജിന്റെ വിശദാംശങ്ങള്‍ അടക്കം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.

ഓഖി ചുഴലിക്കാറ്റു സംബന്ധിച്ച് യഥാസമയം മുന്നറിയിപ്പു നല്‍കിയില്ലെന്നു കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ക്കു നേരെ മനുഷ്യാവകാശ കമ്മിഷന്‍ വിമര്‍ശനമുന്നയിച്ചു. വിശദീകരണം ആവശ്യപ്പെട്ട് പൊലീസ്, കാലാവസ്ഥ, ഫിഷറീസ് വകുപ്പുകള്‍ക്കു മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ് അയച്ചു. ചുഴലിക്കാറ്റു മൂലമുണ്ടായ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞു മാറാനാകില്ല. നോട്ടിസിന് ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നും കമ്മിഷന്‍ അറിയിച്ചു.
അതേസമയം ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മൂന്നു മണിക്ക് തിരുവനന്തപുരത്താണു യോഗം. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനവും പുരോഗതിയും പുനരധിവാസവും യോഗം ചര്‍ച്ച ചെയ്യും.

ഓഖി ദുരന്തത്തില്‍ പ്രതികരണവുമായി കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍(കെസിബിസി) രംഗത്തെത്തി. സമയോചിതമായ ഇടപെടലുണ്ടായിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം കുറയ്ക്കാമായിരുന്നുവെന്ന് കെസിബിസി പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്. സര്‍ക്കാര്‍ ദുരിതാശ്വാസം പ്ര്യാപിച്ചാല്‍ മാത്രം പോരാ, സമയപരിധിക്കുള്ളില്‍ കൊടുത്തുതീര്‍ക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

KCN

more recommended stories