മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടാനുള്ള തീരുമാനം റദ്ദാക്കി

മലപ്പുറം: പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടാനുള്ള തീരുമാനം വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. ഇനി ഒരു അറിയിപ്പു വരും വരെ ഓഫിസ് തുടരാന്‍ മന്ത്രാലയം ഔദ്യോഗികമായാണ് അറിയിച്ചത്. മലപ്പുറത്തെ ഓഫിസ് നിര്‍ത്തലാക്കി കോഴിക്കോട് ഓഫിസില്‍ ലയിപ്പിക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നയതീരുമാനം. ഇക്കാര്യം ഹൈക്കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നു.

മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫിസ് ലയിപ്പിച്ചാലും പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അവിടെ തുടരാനായിരുന്നു പരിപാടി. എന്നാല്‍ 2006ല്‍ ആരംഭിച്ച പാസ്‌പോര്‍ട്ട് ഓഫിസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നു. പ്രതിദിനം 1100 സാധാരണ അപേക്ഷകളും 150 തത്കാല്‍ അപേക്ഷകളുമാണു മലപ്പുറത്തു ലഭിക്കാറുള്ളത്.

കേന്ദ്രസര്‍ക്കാരിനു വലിയ വരുമാനമുണ്ടാക്കുന്ന ഓഫിസാണു മലപ്പുറം റീജനല്‍ പാസ്‌പോര്‍ട്ട് ഓഫിസ്. ഈ സാഹചര്യത്തിലാണ് തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. മന്ത്രാലയത്തിന്റെ തീരുമാനം ശുഭസൂചനയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പ്രതികരിച്ചു.

എന്നാല്‍ ഓഫിസ് കെട്ടിടത്തിന്റെ വാടകക്കരാര്‍ ഒരു മാസത്തേക്ക് പുതുക്കണമെന്ന് പാസ്‌പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയത് ആശങ്കപ്പെടുത്തുന്നു. പാസ്‌പോര്‍ട്ട് ഓഫിസ് മലപ്പുറത്ത് തുടരാനുള്ള ഉത്തരവ് പിന്‍വലിക്കില്ലെന്നാണു പ്രതീക്ഷ. തീരുമാനം നേരെ മറിച്ചാണെങ്കില്‍ ജനങ്ങളോടൊപ്പം നിന്ന് നിയമത്തിന്റെ വഴിയേ മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

KCN

more recommended stories