കളക്ടര്‍ നടത്തിയ ചര്‍ച്ച വിജയിച്ചു; ചെല്ലാനത്തെ മത്സ്യതൊഴിലാളികളുടെ സമരം ഒത്തുതീര്‍ന്നു

കൊച്ചി: ചെല്ലാനത്തെ ഓഖി ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന മത്സ്യതൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല റിലേ നിരാഹാരസമരം പിന്‍വലിച്ചു. കളക്ടറുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചിരിക്കുന്നത്. ചെല്ലാനത്ത് കടല്‍ഭിത്തി, പുലിമുട്ട് നിര്‍മാണം ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദുരിതാശ്വാസക്യാംപിലെ സ്ത്രീകള്‍ കഴിഞ്ഞ ആറുദിവസങ്ങളായി റിലെ നിരാഹാരം നടത്തിവന്നിരുന്നത്. രാഷ്ട്രീയപാര്‍ട്ടികളെ പൂര്‍ണമായും ഒഴിവാക്കി സഭയുടെ നേതൃത്വത്തിലായിരുന്നു സമരം നടന്നിരുന്നത്.

സമരസമിതി നേതാക്കള്‍, വൈദികര്‍ എന്നിവരുമായാണ് കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഇന്ന് ചര്‍ച്ച നടത്തിയത്. സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണുമെന്ന് കളക്ടര്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. സമരം അവസാനിപ്പിക്കുകയാണെന്നും ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ വരുന്ന ഈസ്റ്ററിന് ശേഷം സമരം വീണ്ടും ശക്തമാക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസവും കളക്ടര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കടല്‍തീരത്ത് പുലിമുട്ടുകള്‍ കെട്ടുന്നുണ്ടെന്നും എന്നാല്‍ ഇതിന് കൂടുതല്‍ സമയം വേണമെന്നും കളക്ടര്‍ അറിയിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭം വന്‍നാശം വിതച്ച പശ്ചാത്തലത്തിലായിരുന്നു ചെല്ലാനത്തെ മത്സ്യതൊഴിലാളികള്‍ സമരം ആരംഭിച്ചത്.

KCN

more recommended stories