ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പില്‍ 68 ശതമാനം പോളിങ്

അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോളിങ് വൈകുന്നേരം അഞ്ചു മണിക്കാണ് അവസാനിച്ചത്. 68 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് അന്തിമ റിപ്പോര്‍ട്ട്. ആദ്യഘട്ട വോട്ടെടുപ്പില്‍ 89 മണ്ഡലങ്ങളിലായി 977 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. രണ്ടാം ഘട്ട വോട്ടെടുപ്പ് ഈ മാസം പതിനാലിനാണ്. അതിനുശേഷം പതിനെട്ടിന് ഫലപ്രഖ്യാപനം.

സൂറത്തില്‍ 70 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ചിലത് ആദ്യമണിക്കൂറുകളില്‍ തന്നെ പരിഹരിക്കുകയും ചെയ്തു. അതിനിടെ, വോട്ടെടുപ്പില്‍ ‘ബ്ലൂ ടൂത്ത്’ സംവിധാനം ഉപയോഗിച്ച് തിരിമറി കാട്ടിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇതു നിഷേധിച്ച ബിജെപി, തോല്‍വി ഉറപ്പാക്കിയ കോണ്‍ഗ്രസ് മുടന്തന്‍ ന്യായങ്ങള്‍ പറയുകയാണെന്നും പരിഹസിച്ചു.

KCN

more recommended stories