കോണ്‍ഗ്രസ് അധ്യക്ഷന്‍: പ്രഖ്യാപനം ഇന്ന്; പദവി കൈമാറ്റം 16ന്

ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി ഇന്ന് പ്രഖ്യാപിക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കുന്നതോടെ പാര്‍ട്ടി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സാങ്കേതികമായ മറ്റൊരു ഘട്ടംകൂടി പിന്നിടുകയാണ്. രാഹുലിനെതിരെ ആരും പത്രിക സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ മറ്റ്‌നടപടി ക്രമങ്ങള്‍ക്ക് പ്രസക്തിയില്ല. തെരഞ്ഞെടുപ്പ് സംബന്ധിച്ച തുടര്‍ നടപടികള്‍ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് വിശദീകരിക്കും. എന്നാല്‍, പാര്‍ട്ടി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അധികാര കൈമാറ്റം ഈ മാസം 16ന് ഔദ്യോഗികമായി നടക്കുക. പുതിയ അധ്യക്ഷന്‍ വരുന്നതിനു പിന്നാലെ എ.ഐ.സി.സി പുനഃസംഘടനയുണ്ടാകും.രാഹുല്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കാന്‍ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം എ.ഐ.സി.സി ആസ്ഥാനത്ത് നടക്കും. രാഹുല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന്റെ രേഖ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ സോണിയ ഗാന്ധിക്ക് കൈമാറും. പുതിയ അധ്യക്ഷനുവേണ്ടി സോണിയ കസേര ഒഴിഞ്ഞുകൊടുക്കുന്ന ചടങ്ങും പ്രവര്‍ത്തകസമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ നടക്കും.എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങ് പുതിയ അധ്യക്ഷന്റെ പ്രാരംഭ പ്രസംഗത്തിന്റെയും സോണിയയുടെ വിടവാങ്ങല്‍ പ്രസംഗത്തിന്റെയും വേദിയാവും. അതിനുശേഷമോ മുമ്പോ പ്രവര്‍ത്തക സമിതി ചേര്‍ന്നേക്കും. പുതിയ അധ്യക്ഷന്‍ ഔപചാരികമായി ചുമതലയേല്‍ക്കുക അടുത്ത എ.ഐ.സി.സി സമ്മേളനത്തിലാണ്. ഡിസംബറില്‍തന്നെ സമ്മേളനം നടത്താനാണ് ഉദ്ദേശിച്ചതെങ്കിലും ഒരുക്കങ്ങള്‍ വൈകുന്നതിനാല്‍ അടുത്തമാസത്തേക്ക് നീണ്ടേക്കും. കര്‍ണാടക പാര്‍ട്ടി ഭരിക്കുന്ന പ്രധാന സംസ്ഥാനമാണെന്നിരിക്കെ, ബംഗളൂരുവില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. അതിനുമുമ്പ് എ.ഐ.സി.സിയില്‍ വിപുലമായ അഴിച്ചുപണി നടക്കുമെന്നാണ് സൂചന. പുതിയ അധ്യക്ഷന്‍ സ്വന്തം ടീമിനെ വാര്‍ത്തെടുക്കുന്ന സുപ്രധാന പുനഃസംഘടനയായിരിക്കും ഇത്.

KCN

more recommended stories