കേരളത്തിലെ നൂറോളം എസ്ബിഐ ശാഖകള്‍ക്ക് പൂട്ടു വീഴുന്നു

തിരുവനന്തപുരം : എസ്ബിടി-എസ്ബിഐ ലയനത്തിനു തുടര്‍ച്ചയായി കേരളത്തിലെ നൂറോളം ശാഖകള്‍ എസ്ബിഐ പൂട്ടുന്നു. 44 ശാഖകള്‍ ഇതിനോടകം പൂട്ടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ശേഷിക്കുന്ന അറുപതിലേറെ ശാഖകള്‍ക്കു കൂടി വൈകാതെ പൂട്ടുവീഴും. ലയനത്തോടെ 197 ശാഖകള്‍ പൂട്ടാനായിരുന്നു തീരുമാനം. എന്നാല്‍, എതിര്‍പ്പ് ഭയന്നാണ് പൂട്ടല്‍ തീരുമാനം ഒറ്റയടിക്ക് നടപ്പാക്കാതിരുന്നത്. അതേസമയം, ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ അടുത്തടുത്തുള്ള ശാഖകളുടെ ലയനം എന്ന നിലയ്ക്കാണ് ഇപ്പോള്‍ തീരുമാനം നടപ്പാക്കുന്നത്.

ഒരു പ്രദേശത്ത് രണ്ടു ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇതില്‍ ചെറിയ ശാഖ പൂട്ടും. പൂട്ടിയ ശാഖയിലെ ഉപഭോക്താക്കളുടെ ഇടപടുകള്‍ നിലനിര്‍ത്തുന്ന ശാഖകളിലേയ്ക്ക് മാറ്റും. ജീവനക്കാരെയും പുനര്‍ വിന്യസിക്കും. രണ്ട് ശാഖകള്‍ ഒന്നിച്ച പ്രവര്‍ത്തിക്കാനായി നിലനിര്‍ത്തുന്ന ശാഖയില്‍ സ്ഥല സൗകര്യം ഇല്ലെങ്കില്‍ മറ്റൊരു കെട്ടിടം കണ്ടെത്തി അങ്ങോട്ട് മാറ്റും. പല സ്ഥലങ്ങളിലും ഇതിനായി കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാങ്ക്. നൂറിലേറെ ശാഖകളാണ് സംസ്ഥാനത്താകെ ഇത്തരത്തില്‍ നിലനിര്‍ത്താന്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 44 എണ്ണം തൊട്ടടുത്ത ശാഖകളില്‍ ലയിപ്പിച്ചുകഴിഞ്ഞു.

KCN