ബ്ലാസ്റ്റേഴ്സിന് ആദ്യ വിജയം

കൊച്ചി: മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കി കേരള ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ വിജയം. കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒരൊറ്റ ഗോളിലാണ് ബ്ലാസ്റ്റഴ്‌സ് കീഴടക്കിയത്. ഗോളടിച്ചതും ഗോളിന് വഴിയൊരുക്കിയതും മലയാളി താരങ്ങളാണെന്നത് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയത്തിന് ഇരട്ടിമധുരം നല്‍കി.

റിനോ ആന്റോയുടെ ക്രോസില്‍ നിന്ന് ഫ്‌ളെയിങ് ഹെഡ്ഡറിലൂടെ വിനീത് വല കുലുക്കുകയായിരുന്നു. കളിയുടെ ആദ്യ പകുതിയില്‍ ആവേശവും നാടകീയതയും നിറഞ്ഞുനിന്നപ്പോള്‍ രണ്ടാം പകുതി ഇരുടീമിലെയും താരങ്ങള്‍ തമ്മിലുള്ള ഉരസലിനും വേദിയായി.

പരിക്കേറ്റ സൂപ്പര്‍താരം ബെര്‍ബറ്റോവിന് പകരം വെസ് ബ്രൗണിനെ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന സി.കെ വിനീതും തിരിച്ചുവന്നു. ആക്രമണങ്ങളും പ്രത്യാകമണങ്ങളും കണ്ട മത്സരത്തിന്റെ 24-ാം മിനിറ്റില്‍ മഞ്ഞപ്പടയുടെ ആരവുമയര്‍ത്തി സി.കെ വിനീത് ഗോള്‍ നേടി.

ടൂര്‍ണമെന്റിലെ മനോഹര ഗോളുകളിലൊന്നായിരുന്നു അത്. റിനോ ആന്റോയുടെ ക്രോസില്‍ വായുവിലുയര്‍ന്ന് ഹെഡ്ഡ് ചെയ്യുകയായിരുന്നു വിനീത്. 42-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് വീണ്ടും തിരിച്ചടി നേരിട്ടു. സിഫ്‌നിയോസിന്റെ മുന്നേറ്റം ബോക്‌സില്‍ തടയാന്‍ ശ്രമിച്ച ഗോള്‍കീപ്പര്‍ ടി.പി രഹ്നേഷ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്ന് മുന്നേറ്റതാരം നര്‍സാറിയെ മാറ്റി രണ്ടാം ഗോള്‍കീപ്പര്‍ രവി കുമാറിനെ കളത്തിലിറക്കാന്‍ നോര്‍ത്ത് ഈസ്റ്റ് നിര്‍ബന്ധിതരായി.

KCN

more recommended stories