ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

കട്ടക്: ശ്രീലങ്കയ്ക്കെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് കട്ടക്കില്‍ തുടക്കമാകും. ലങ്കയ്ക്കെതിരെ സമ്പൂര്‍ണ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കളിയാരംഭിക്കുക.
വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. നേരത്തെ ഏകദിന-ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. 2015-ലാണ് അവസാനമായി കട്ടക്കില്‍ ട്വന്റി20 നടന്നത്. അന്ന് ദക്ഷിണാഫ്രിക്കയോട് ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയുടെ അനുഭവസമ്പത്ത് ടീമിന് കരുത്തേകും. യുവനിരയാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ന് കളത്തിലിറങ്ങുന്നത്. വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ കളിക്കുന്നില്ല. രോഹിതും ലോകേഷ് രാഹുലും അടങ്ങിയ ശക്തമായ ബാറ്റിംഗ് നിര ഇന്ത്യക്കുണ്ട്. ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യര്‍ മൂന്നാമനായി കളത്തിലിറങ്ങും. സിംബാബ്വെയ്ക്കെതിരെ ട്വന്റി20 കളിച്ച ജയദേവ് ഉനദ്കദിനെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.
ബാറ്റിംഗിലും ബൗളിംഗിലും ശക്തരാണ് ഇന്ത്യന്‍ നിര. എന്നാല്‍ പ്രവചനാതീതമായ ട്വന്റി20യില്‍ ഇന്ത്യയുടെ യുവനിര ഇന്ന് പരീക്ഷിക്കപ്പെടും. ബേസില്‍ തമ്പി, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്ക് നറുക്ക് വീഴാന്‍ സാധ്യതയുണ്ട്. മികച്ച ഓള്‍റൗണ്ടറാണ് ഹൂഡ. പേസര്‍ ജസ്പ്രിത് ബുംറയാണ് ബൗളിംഗ് ആക്രമണം ഏറ്റെടുക്കുക. കുല്‍ദീപ് യാദവും ഉനദ്കദും ഇന്ത്യന്‍ നിരയിലുണ്ടാകും. മനീഷ് പാണ്ഡെ, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ആദ്യ ഇലവനില്‍ കളിക്കും. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചാണ് കട്ടക്കിലേത്.

ഇന്ത്യ: രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ബേസില്‍ തമ്പി, ജയദേവ് ഉനദ്കദ്

ശ്രീലങ്ക: തിസര പെരേര, ഉപുല്‍ തരംഗ, ഏഞ്ചലോ മാത്യൂസ്, കുശാല്‍ പെരേര, ഗുണതിലക, ഡിക്വെല്ല, ഗുണരത്ന, സദീര സമരവിക്രമ, ദസുന്‍ ശങ്ക, ചതുരങ്ക ഡിസില്‍വ, സചിത് പതിരാന, ധനഞ്ജയ ഡിസില്‍വ, നുവാന്‍ പ്രദീപ്, വിശ്വ ഫെര്‍ണാണ്ടോ, ദുഷ്മന്ത ചമീര.

KCN

more recommended stories