ലോകം ഇന്ന് ക്രിസ്മസ് ആഘോഷത്തില്‍

ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്റെ സ്മരണ പുതുക്കുന്ന ആഘോഷമാണ് ക്രിസ്മസ്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിവസമാണ് ക്രൈസ്തവര്‍ ക്രിസ്മസ് ആയി ആഘോഷിക്കുന്നത്. ലോകമെങ്ങുമുള്ള ്രൈകസ്തവ ദേവാലയങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് ക്രിസ്മസിനോടനുബന്ധിച്ച് നടന്നത്. ഉണ്ണിയേശു പിറന്ന ബത്ലഹേമില്‍ വിദേശികളുള്‍പ്പെടെ നിരവധി പേര്‍ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. ജനനസ്ഥലത്തുള്ള നേറ്റിവിറ്റി ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടന്നു.

വത്തിക്കാനില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ കുടിയേറ്റ ജനതയെ സ്വാഗതം ചെയ്യുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്കായി ഒത്തുകൂടിയ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയായായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്. ബൈബിള്‍ ഉദാഹരിച്ചായിരുന്നു മേരിയേയും ജോസഫിനേയും കുടിയേറ്റക്കാരുടെ പൂര്‍വ്വികരായി മാര്‍പ്പാപ്പ ചൂണ്ടിക്കാണിച്ചത്.

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാന്‍ ലോകം തയ്യാറാകണം. പിറന്ന നാടും വേണ്ടപ്പെട്ടവരേയും ഉപേക്ഷിച്ചുള്ള അവരുടെ പലായനത്തെ ഗൗരവമായി കാണണം. മേരിയുടേയും ജോസഫിന്റേയും പാത പിന്തുടരുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. അവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെന്നും മാര്‍പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ വ്യക്തമാക്കി. നിപരാധികളുടെ രക്തം ഒഴുക്കാന്‍ മടിയില്ലാത്ത നേതാക്കളാല്‍ നിരവധി പേരാണ് പലായനം ചെയ്യപ്പെടുന്നത്. മാര്‍പാപ്പ പറഞ്ഞു.

ഉര്‍ബി അറ്റ് ഓര്‍ബി അഥവാ നഗരത്തോടും ലോകത്തോടും എന്നറിയപ്പെടുന്ന മാര്‍പാപ്പയുടെ പരമ്പരാഗത പ്രസംഗം കേള്‍ക്കാന്‍ പതിനായിരങ്ങളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ എത്തിയത്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഞ്ചാമത്തെ ക്രിസ്മസ് സന്ദേശമായിരുന്നു ഇത്തവണത്തേത്. വത്തിക്കാനിലെ ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്ക് മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബ്ബനാക്ക് അദ്ദേഹം നേതൃത്വം നല്‍കി.കനത്ത സുരക്ഷാക്രമീകരണങ്ങള്‍ക്കിടെയായിരുന്നു വത്തിക്കാനിലെ ക്രിസ്മസ് ആഘോഷം.

സംസ്ഥാനത്തും വിപുലമായ രീതിയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അന്നാന്നിദ്ധ്യത്തില്‍ ഫാദര്‍ ജോസ് പുതിയേടത്തിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു. സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന തിരുപ്പിറവി ശുശ്രുഷകള്‍ക്കു കര്‍ദ്ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ നേതൃത്വം നല്‍കി. ക്രിസ്മസ് ആഘോഷങ്ങള്‍ തടയാന്‍ ആഹ്വാനം നടത്തുന്നത് ശരിയല്ലെന്ന് കര്‍ദ്ദിനാള്‍ ക്ലിമ്മിസ് ബാവ വ്യക്തമാക്കി.

KCN

more recommended stories