കാത്തിരിപ്പിനൊടുവില്‍ ഭാര്യയും അമ്മയും കുല്‍ഭൂഷണ്‍ ജാദവിനെ കണ്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന ഇന്ത്യയുടെ കുല്‍ഭൂഷണ്‍ ജാദവിനെ ഭാര്യയും അമ്മയും കണ്ടു. കനത്ത സുരക്ഷയുടെ നടുവില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഓഫിസിലായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളമാണ് കുല്‍ഭൂഷണുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയിരിക്കുന്നത്. 22 മാസത്തിനു ശേഷമാണ് ഭാര്യയും അമ്മയും കുല്‍ഭൂഷണെ കാണുന്നത്.
സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത് . ആക്രമണമുണ്ടായാല്‍ നേരിടുന്നതിനായി ഓഫിസിനു ചുറ്റും പൊലീസ്, അര്‍ധ സൈനിക വിഭാഗം എന്നിവരെ നിയോഗിച്ചിട്ടുണ്ട്. സന്ദര്‍ശക സമയത്ത് പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. ഇന്ത്യ സമ്മതിക്കുകയാണെങ്കില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.
ഉച്ചയോടെയാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യയും അമ്മയും ദുബായ് വഴി പാക്കിസ്ഥാനിലെത്തിയത്. ഏഴു വാഹനങ്ങളുടെ അകമ്പടിയോടെ ആദ്യം ഇന്ത്യന്‍ ഹൈക്കമ്മിഷണറുടെ ഓഫിസിലേക്കാണ് ഇവര്‍ പോയത്. അതേ സമയം കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബം മാധ്യമങ്ങളെ കാണില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഡപ്യൂട്ടി ഹൈകമ്മിഷണര്‍ ജെ.പി.സിങ്ങും ഒപ്പമുണ്ട്. ഇദ്ദേഹത്തെയും കൂടിക്കാഴ്ചയ്ക്ക് പാക്കിസ്ഥാന്‍ അനുവദിച്ചിട്ടുണ്ട്.
ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയ്‌ക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണനയിലാണ്. 2016 മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ നിന്ന് ജാദവിനെ അറസ്റ്റു ചെയ്‌തെന്നാണ് പാകിസ്ഥാന്‍ അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ വ്യോമ സേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ വിരമിച്ച ശേഷം ഇറാനില്‍ കച്ചവടം നടത്തുകയായിരുന്നെന്നാണ് ഇന്ത്യയുടെ വാദം.

KCN

more recommended stories