മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: മുത്തലാഖ് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷത്തെ തടവു ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമായ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. മുസ്ലീം സ്ത്രീകള്‍ക്ക് സമത്വം ഉറപ്പാക്കുന്നതാണ് ബില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

മുത്തലാഖ് ബില്‍ മുസ്ലീം സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് ബില്‍ അവതരിപ്പിച്ച നിയമമന്ത്രി പറഞ്ഞു. ഇതിലൂടെ നാം ചരിത്രം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുത്തലാഖ് സുപ്രീംകോടതി നിരോധിച്ചിട്ടും അത്തരം സംഭവങ്ങള്‍ രാജ്യത്ത് തുടരുന്നത് ശക്തമായ നിയമം നിലവിലില്ലാത്തതിനാലാണ്. സുപ്രീംകോടതി ഭരണഘടനാവിരുദ്ധമെന്ന് വിശേഷിപ്പിച്ച ഒന്നിനെ തുടര്‍ന്നുകൊണ്ടുപോകാന്‍ പാര്‍ലമെന്റിന് എങ്ങനെ കഴിയുമെന്നും മന്ത്രി ചോദിച്ചു.

പ്രതിപക്ഷം ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ത്തു. ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. എ സമ്പത്താണ് സിപിഎമ്മിന് വേണ്ടി വിയോജിപ് നോട്ടീസ് സഭയില്‍ നല്‍കിയത്. മുസ്ലീം സംഘടനകളോട് അഭിപ്രായം ആരായാതെയാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ബില്‍ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിന് വിരുദ്ധമാണെന്നും മുസ്ലീംലീഗ് ആരോപിച്ചു. പ്രാഥമികയുക്തി പോലും ഇല്ലാത്തതാണ് ബില്ലിലെ വ്യവസ്ഥകളെന്നും അത് പാസാകുകയാണെങ്കില്‍ മുസ്സീം സ്ത്രീകളോട് ചെയ്യുന്ന അനീതിയാകുമെന്നും ഐഎംഐഎം നേതാവ് അസാദുദീന്‍ ഒവൈസി പറഞ്ഞു.

KCN

more recommended stories